അർജന്റീനയും പോളണ്ടും തമ്മിൽ ഉള്ള നിർണായക മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുകയാണ്. അർജന്റീന നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ കീപ്ലഎ ചെസ്നി അവയെല്ലാം തടയുക ആയിരുന്നു. ഇതിൽ ലയണൽ മെസ്സിയുടെ ഒരു പെനാൾട്ടിയും ഉൾപ്പെടുന്നു.
ഇന്ന് സ്റ്റേഡിയം 974ൽ അർജന്റീനക്ക് നല്ല തുടക്കമാണ് ലഭിച്ചത്. വിജയം ആവശ്യമായത് കൊണ്ട് വിജയം തേടി അർജന്റീന തുടക്കം മുതൽ അറ്റാക്ക് ചെയ്താണ് കളിച്ചത്. ആറാം മിനുട്ടിൽ മെസ്സിയുടെ ഒരു വലം കാലു കൊണ്ടുള്ള ഷൂട്ട് കളിയിലെ ആദ്യ ഗോൾ ശ്രമം ആയി. ഈ ഷോട്ട് അനായസം പോളിഷ് കീപ്പർ ചെസ്നി തടഞ്ഞു. 10 മിനുട്ടിൽ വീണ്ടും മെസ്സി ചെസ്നിയെ പരീക്ഷിച്ചു. ഇത്തവണ മെസ്സിയുടെ ഇടം കാലൻ ഷോട്ട് നിയർ പോസ്റ്റിൽ വെച്ച് ചെസ്നി തടഞ്ഞു.
28ആം മിനുട്ടിൽ അർജന്റീന വീണ്ടും ഗോളിനോട് അടുത്തു ഹൂലിയൻ ആല്വരസിന്റെ ഷോട്ട് പോളണ്ട് ഗോൾകീപ്പർ ബ്ലോക്ക് ചെയ്തപ്പോൾ അതിനു തൊട്ടു പിറകെ വന്ന അകൂനയുടെ ഷോട്ട് ഗോൾ വലയിൽ നിന്ന് ഇഞ്ചുകൾ മാത്രം വ്യത്യാസത്തിലാണ് പുറത്ത് പോയത്.
32ആം മിനുട്ടിൽ വീണ്ട ചെസ്നി പോളണ്ടിന്റെ രക്ഷയ്ക്ക് എത്തി. ഡിമറിയയുടെ ഒരു കോർണർ നേരെ വലയിൽ എത്തുന്നത് തടയാൻ പോളിഷ് കീപ്പർ പ്രയാസപ്പെട്ടു. 36ആം മിനുട്ടിൽ ചെസ്നിയുടെ മറ്റൊരു സൂപ്പർ സേവ്. ഇത്തവണ ആൽവരസിന്റെ ഷോട്ട് ആണ് ഗോളാകാതെ മടങ്ങിയത്.
ഈ ഷോട്ടിന് പിറകെ മെസ്സിയെ ഫൗൾ ചെയ്തതിന് പെനാൾട്ടി അപ്പീൽ ചെയ്തു. വിവാദമാകാവുന്ന ഒരു വിധി വാർ പരിശോധനക്ക് ശേഷം വന്നു. പെനാൾട്ടി എന്ന് റഫറി വിസിൽ ഊതി. പെനാൾട്ടി എടുക്കാൻ എത്തിയത് മെസ്സി. ഈ ലോകകപ്പിലെ തന്നെ മികച്ച സേവിൽ ഒന്നിലൂടെ ചെസ്നി മെസ്സിയെ തടഞ്ഞു. സ്കോർ ഗോൾ രഹിതമായി തുടർന്നു. ഇതിനു ശേഷം ആദ്യ പകുതിയിൽ രണ്ട് സേവ് കൂടെ ചെസ്നി നടത്തി.
പോളണ്ടിന് ഒരു സമനില മതിയാകും പ്രീക്വാർട്ടർ ഉറപ്പാക്കാൻ. അർജന്റീനക്ക് വിജയിച്ചാലെ പ്രീക്വാർട്ടർ ഉറപ്പാകൂ. സമനില ആണെങ്കിൽ ഗ്രൂപ്പിലെ സൗദി മെക്സിക്കോ മത്സരത്തിന്റെ ഫലം കൂടെ അനുകൂലം ആകേണ്ടി വരും. രണ്ടാം പകുതിയിൽ വിജയം ഉറപ്പിക്കാൻ ആകും അർജന്റീനയുടെ ശ്രമം.