മെസ്സിയുടെ പിതാവും ബാഴ്സലോണയും തമ്മിൽ ഇന്ന് ചർച്ച, ക്ലബ് വിടണം എന്ന വാശിയിൽ മെസ്സി

ഇന്ന് ബാഴ്സലോണ ആരാധകർക്കും ഫുട്ബോൾ ലോകത്തിനും നിർണായക ദിവസമാണ്. മെസ്സി ക്ലബ് വിടും എന്ന് പറഞ്ഞതിനു ശേഷം ആദ്യമായി മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സി ബാഴ്സലോണയിൽ എത്തിയിരിക്കുകയാണ്. ഇന്ന് മെസ്സിയുടെ പിതാവ് ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയുവുമായി ചർച്ച നടത്തും. ക്ലബ് വിടാൻ മെസ്സിയെ അനുവദിക്കണം എന്ന വാദമായിരിക്കും മെസ്സിയുടെ പിതാവ് ഉന്നയിക്കുക.

ബാഴ്സലോണ പറയുന്ന റിലീസ് ക്ലോസ് ഒഴിവാക്കണം എന്നും മെസ്സിയെ ഫ്രീഏജന്റായി പോകാൻ അനുവദിക്കണം എന്നുമാകും ജോർഗെ മെസ്സിയുടെ ആവശ്യം. എന്നാൽ മെസ്സി ക്ലബിൽ നിൽക്കണം എന്നും അഥവാ ക്ലബ് വിടുക ആണെങ്കിൽ അത് റിലീസ് ക്ലോസ് തന്നാൽ മാത്രമെ പറ്റൂ എന്നും ബാർതൊമെയു പറയും. എന്തായാലും മെസ്സി ഇപ്പോഴും ക്ലബ് വിടണം എന്ന വാശിയിൽ തന്നെയാണ്. മെസ്സിയുടെ വാദങ്ങൾ ജോർഗെ മെസ്സി ഉന്നയിക്കും. ഈ ചർച്ചയിൽ ഒരു അത്ഭുതം നടക്കുമെന്നും മെസ്സി ബാഴ്സലോണയിൽ തുടരും എന്നുമാണ് ബാഴ്സലോണ ആരാധകർ ഇപ്പോഴും വിശ്വസിക്കുന്നത്.