ഇന്റർ മയാമിയും മെസ്സിയും ഒരു ഫൈനലിലേക്ക് കൂടെ മുന്നേറി. യു എസ് ഓപ്പൺ കപ്പിൽ ഇന്ന് നടന്ന സെമി ഫൈനലിൽ സിൻസിനാറ്റിയെ തോൽപ്പിച്ച് ആണ് അവർ ഫൈനൽ ഉറപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന മത്സരത്തിൽ 5-4ന് മയാമി വിജയിച്ചു. നിശ്ചിത സമയത്ത് സ്കോർ 3-3 എന്നായിരുന്നു. മയാമിയിൽ എത്തിയ ശേഷം മെസ്സി ഗോൾ അടിക്കാത്ത ആദ്യ മത്സരമാണിത്. എങ്കിലും രണ്ട് അസിസ്റ്റുകൾ താരം ഒരുക്കി.
ഇന്ന് ഇന്റർ മയാമിക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യം. സിൻസിനാറ്റിയുടെ അറ്റാക്കിന് മുന്നിൽ ഇന്ററ്റ് മയാമി പതറുന്നത് കാണാൻ ആയി. 18ആം മിനുട്ടിൽ അകോസ്റ്റയുടെ ഗോളിൽ അവർ ലീഡ് എടുത്തു. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ബ്രാണ്ടൻ വാസ്കസിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. ഇന്റർ മയാമി പരാജയത്തിലേക്ക് പോവുക ആണെന്ന് കരുതിയ സമയം.
പക്ഷെ ഇന്റർ മയാമി തിരിച്ചടിച്ചു. 61ആം മിനുട്ടിൽ കാമ്പാനയിലൂടെ ഇന്റർ മയാമി ഒരു ഗോൾ തിരിച്ചടിച്ചു. മെസ്സിയാണ് ഗോൾ ഒരുക്കിയത്. പിന്നീട് ഇഞ്ച്വറി ടൈമിൽ 97ആം മിനുട്ടിൽ മയാമിയുടെ സമനില ഗോൾ വന്നു. മെസ്സുയുടെ പാസിൽ നിന്ന് കാമ്പാനയാണ് അവസാന നിമിഷം വീണ്ടും ടീമിന്റെ രക്ഷകനായത്.
കളി തുടർന്ന് എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിൽ മൂന്നാം മിനുട്ടിൽ ജോസഫ് മാർട്ടിനസിലൂടെ മയാമി ലീഡ് എടുത്തു. സ്കോർ 3-2. പക്ഷെ എക്സ്ട്രാ ടൈമിൽ വിജയം ഉറപ്പിക്കാൻ അവർക്ക് ആയില്ല. 114ആം മിനുട്ടിൽ യുയ കുബോയിലൂടെ സിൻസിനാറ്റി സമനില വഴങ്ങി. 3-3. പിന്നീട് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ. 5-4ന് മയാമി വിജയിച്ചു ഫൈനലിലേക്ക് മുന്നേറി.