ലയണൽ മെസ്സി അമേരിക്കയിൽ ഗോളടി തുടരുകയാണ്. ഇന്ന് ലീഗ്സ് കപ്പ് സെമി ഫൈനലിലും ഇന്റർ മയാമിയെ വിജയത്തിലേക്ക് നയിക്കാൻ മെസ്സിക്ക് ആയി. സെമി ഫൈനലിൽ ഫിലാഡെൽഫിയ യൂണിയനെ നേരിട്ട ഇന്റർ മയാമി ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. ഇന്ന് ആദ്യ 20 മിനുട്ടിൽ തന്നെ മയാമി 2 ഗോളുകൾക്ക് മുന്നിൽ എത്തി.
മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ ജോസഫ് മാർട്ടിനസിലൂടെയാണ് മയാമി ഗോൾ വേട്ട തുടങ്ങിയത്. 19ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ഗോൾ. ഗോൾ കീപ്പർ പൊസിഷൻ തെയി നിൽക്കുന്നത് കണ്ട മെസ്സി ഒരു ലോംഗ് റേഞ്ചറിലൂടെ ആണ് ഗോൾ നേടിയത്. മെസ്സി ഇത് തുടർച്ചയായ ആറാം മത്സരത്തിലാണ് മയാമിയിൽ ഗോൾ കണ്ടെത്തുന്നത്. 6 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.
ഇതിനു ശേഷം ആദ്യ പകുതിയുടെ അവസാനം ജോർദി ആൽബയിലൂടെ അവരുടെ മൂന്നാം ഗോൾ വന്നു. ആൽബയുടെ മയാമി കരിയറിലെ ആദ്യ ഗോളാണിത്. രണ്ടാം പകുതിയിൽ ഡേവിഡ് ഒചോവയും മയാമിക്ക് ആയി ഗോൾ നേടി. ഫൈനലിൽ മോണ്ടെരിയോ നാഷ്വിലെയോ ആകും ഇന്റർ മയാമിയുടെ എതിരാളികൾ. ഇതാദ്യമായാണ് ഇന്റർ മയാമി ലീഗ്സ് കപ്പ് ഫൈനലിൽ എത്തുന്നത്. ഈ ജയത്തോടെ മെസ്സിയും സംഘവും അടുത്ത വർഷത്തെ CONCACAF കപ്പിനും യോഗ്യത നേടി.