ചരിത്രം!! മെസ്സി ബാലൻ ദി ഓറിന്റെ ആറാം തമ്പുരാൻ!

ചരിത്രം പിറന്നിരിക്കുന്നു. ആദ്യമായി ഒരു താരം ആറു തവണ ബാലൻ ദി ഓർ നേടുക എന്ന ചരിത്രം. അർജന്റീനയുടെയും ബാഴ്സലോണയുടെയും സൂപ്പർ സ്റ്റാർ ലയണൽ മെസ്സിയാണ് ഒരിക്കൽ കൂടെ ബാലൻ ദി ഓർ സ്വന്തമാക്കിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ച് ബാലൻ ദി ഓർ എന്ന നേട്ടത്തെയാണ് ഇതോടെ മെസ്സി മറികടന്നിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള ഫിഫ ബെസ്റ്റ് പുരസ്കാരവും മെസ്സി നേരത്തെ സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഫ്രാൻസിൽ ഇന്ന് ബാലൻ ദി ഓറും മെസ്സി സ്വന്തമക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, വിർജിൽ വാൻ ഡൈക്, സാഡിയോ മാനെ എന്നിവരെ പിന്തള്ളിയാണ് മെസ്സി ഫിഫാ ബെസ്റ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ബാഴ്സലോണക്ക് വേണ്ടി നടത്തിയ ഗംഭീര പ്രകടനമാണ് മെസ്സിയെ ഈ അവാർഡിന് അർഹനാക്കിയത്.

പലരും വാൻ ഡൈക് വിജയിക്കും എന്ന് കരുതിയിരുന്നു എങ്കിലും
പാരിസിൽ മെസ്സി തന്നെ ജേതാവാകുകയായിരുന്നു. കഴിഞ്ഞ സീസണിൽ ലാലിഗയിലെ മാത്രമല്ല യൂറോപ്പിലെ തന്നെ ടോപ്പ് സ്കോറർ ആയിരുന്നു മെസ്സി. ലാലിഗയും മെസ്സി സ്വന്തമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗിലെയും ടോപ്പ് സ്കോറർ ആയിരുന്നു മെസ്സി.

കഴിഞ്ഞ സീസണിൽ ലിവർപൂൾ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിൽ വലിയ പങ്ക് വഹിച്ച താരമാണെങ്കിലും വാൻ ഡൈകിന് ഇന്ന് നിരാശയോടെ മടങ്ങേണ്ടി വന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ചടങ്ങിനു വന്നിരുന്നില്ല.

Previous articleവനിതാ താരത്തിനുള്ള ബാലൻ ദി ഓർ മേഗൻ റപീനോ സ്വന്തമാക്കി
Next article“റൊണാൾഡോ ഒരു എതിരാളി ആണൊ?”, റൊണാൾഡോയെ പരിഹസിച്ച് വാൻ ഡൈക്