ഫോർട്ട് ലോഡർഡെയിലിലെ ചേസ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടക്കുന്ന പ്യൂർട്ടോ റിക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീന ദേശീയ ടീമിനായി ലയണൽ മെസ്സി കളിച്ചേക്കും. വെനസ്വേലയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ തന്റെ ക്ലബ്ബായ ഇന്റർ മയാമിക്കായി കളിക്കാൻ പോയതിനാൽ മെസ്സിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ, ക്യാപ്റ്റൻ പരിശീലനത്തിൽ തിരിച്ചെത്തിയ കാര്യം കോച്ച് ലയണൽ സ്കലോണി സ്ഥിരീകരിച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനമാണ് 38-കാരനായ മെസ്സി കാഴ്ചവെച്ചത്. അറ്റ്‌ലാന്റ യുണൈറ്റഡിനെതിരായ എംഎൽഎസ് മത്സരത്തിൽ ഇന്റർ മയാമി 4-0ന് വിജയിച്ചപ്പോൾ മെസ്സി രണ്ട് ഗോളുകൾ നേടിയിരുന്നു. മത്സരത്തിൽ അദ്ദേഹത്തിന്റെ പങ്ക് ഉറപ്പിക്കുന്നതിന് മുൻപ് മെസ്സിയുടെ കായികക്ഷമത വിലയിരുത്തുമെന്നും സ്കലോണി സൂചിപ്പിച്ചു.
സുരക്ഷാ, ലോജിസ്റ്റിക് കാരണങ്ങളാൽ ആദ്യം ഷിക്കാഗോയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വേദി പിന്നീട് ഫോർട്ട് ലോഡർഡെയിലിലേക്ക് മാറ്റുകയായിരുന്നു. ഇത് സൂപ്പർ താരത്തിന് സ്വന്തം നാട്ടിൽ കളിക്കുന്ന പ്രതീതി നൽകും.