സൗഹൃദ മത്സരത്തിൽ കുറസാവോക്കെതിരെ വമ്പൻ ജയം സ്വന്തമാക്കി അർജന്റീന. ലയണൽ മെസ്സിയുടെ ഹാട്രിക് കണ്ട മത്സരത്തിൽ ഏകപക്ഷീയമായ 7 ഗോളുകൾക്കാണ് അർജന്റീന ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 20മത്തെ മിനുട്ടിൽ മെസ്സിയിലൂടെയാണ് അർജന്റീന ഗോളടി തുടങ്ങിയത്. അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ നൂറാമത്തെ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മെസ്സി തന്റെ ഹാട്രിക് പൂർത്തിയാക്കി. ആദ്യ പകുതിയുടെ 33, 37 മിനുറ്റുകളിലായിരുന്നു താരത്തിന്റെ ഗോൾ. കഴിഞ്ഞ ദിവസം പനാമക്കെതിരെ മെസ്സി തന്റെ കരിയറിലെ 800മത്തെ ഗോളും നേടിയിരുന്നു.
അർജന്റീനക്ക് വേണ്ടി നിക്കോളാസ് ഗോൺസാലസും എൻസോ ഫെർണാണ്ടസുമാണ് ആദ്യ പകുതിയിൽ മറ്റു ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ 16 മിനുറ്റിനിടെയാണ് അർജന്റീന 5 ഗോളുകൾ അടിച്ചുകൂട്ടിയത്. മത്സരത്തിന്റെ തുടക്കത്തിൽ അർജന്റീനയോട് പിടിച്ചുനിൽക്കുന്നു പ്രകടനം കുറസാവോ നടത്തിയെങ്കിലും ആദ്യ ഗോൾ വീണതോടെ അർജന്റീന മത്സരം കൈപിടിയിലൊതുക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ അർജന്റീന പെനാൽറ്റിയിലൂടെ ആറാമത്തെ ഗോളും നേടി. ഡി മരിയയാണ് പെനാൽറ്റിയിലൂടെ ആറാമത്തെ ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ മോന്റിയാലിലൂടെ അർജന്റീന തങ്ങളുടെ ഗോൾ പട്ടിക പൂർത്തിയാക്കി. റാങ്കിങ്ങിൽ താഴെയുള്ള കുറസാവോക്കെതിരെ ഒരു ദയയുമില്ലാതെ പ്രകടനമാണ് അർജന്റീന നടത്തിയത്.