മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഇന്ത്യൻ കണ്ട ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളുമായ മെഹ്താബ് ഹുസൈൻ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. ഇപ്പോൾ മോഹൻ ബഗാനായി കളിക്കുന്ന മെഹ്താബ് ഹുസൈൻ ഈ സീസൺ അവസാനിക്കുന്നതോടെ ഫുട്ബോളിനോട് വിടപറയും എന്നാണ് അറിയിച്ചിരിക്കുന്നത്.
12 വർഷങ്ങൾക്ക് ശേഷം ഈ സീസണിലാണ് മോഹൻ ബഗാനിൽ മെഹ്താബ് തിരിച്ചെത്തിയത്. 2006ലാണ് മെഹ്താബ് അവസാനമായി മോഹൻ ബഗാനു വേണ്ടി കളിച്ചത്. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ എഫ് സിക്കൊപ്പം ഐലീഗിൽ ആയിരുന്നു മെഹ്താബ് കളിച്ചത്.
കൊൽക്കത്തൻ ടീമായ ഫുഡ് കോർപ്പറേഷൻ ഇന്ത്യക്ക് കളിച്ചായിരുന്നു മെഹ്താബ് തന്റെ കരിയർ ആരംഭിച്ചത്. കരിയറിൽ കൂടുതൽ സമയവും മെഹ്താബ് ചിലവഴിച്ചത് ഈസ്റ്റ് ബംഗാളിനൊപ്പം ആയിരുന്നു. 10 വർഷത്തോളം ഈസ്റ്റ് ബംഗാളിനായി കളിച്ച മെഹ്താബ് 250ൽ അധികം മത്സരങ്ങൾ ഈസ്റ്റ് ബംഗാളിനായി കളിച്ചിട്ടുണ്ട്.
ഐ എസ് എൽ ആരംഭം മുതൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഉണ്ടായിരുന്ന മെഹ്താബ് കേരളത്തിന്റെ രണ്ട് ഫൈനൽ വരെയുള്ള യാത്രയിലും പ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി മുപ്പതോളം മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇനി പരിശീലകന്റെ വേഷത്തിൽ ഫുട്ബോളിൽ ഉണ്ടാകുമെന്ന സൂചനകൾ മെഹ്താബ് നൽകി.