റയൽ മാഡ്രിഡിന്റെ മോശം പ്രകടനത്തെത്തുടർന്ന് ആരാധകർക്കിടയിലുള്ള നിരാശയെക്കുറിച്ച് താരം കിലിയൻ എംബാപ്പെ മനസ്സ് തുറന്നു. ആരാധകരുടെ കൂവലുകൾ സ്വാഭാവികമാണെന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ ഏതെങ്കിലും ഒരു കളിക്കാരനെ മാത്രം ലക്ഷ്യം വെക്കുന്നതിനോട് വിയോജിപ്പും പ്രകടിപ്പിച്ചു.

“ആരാധകർ ഞങ്ങളെ കൂവുന്നതിന്റെ സാഹചര്യം എനിക്ക് മനസ്സിലാകും, കാരണം ഞങ്ങൾ ശരിയായ രീതിയിലല്ല കളിക്കുന്നത്. എന്നാൽ കൂവുകയാണെങ്കിൽ അത് ടീമിനെ മുഴുവനായി വേണം. ഒരു കളിക്കാരനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല, ഒരു ടീം എന്ന നിലയിലാണ് ഞങ്ങളുടെ പ്രകടനം മോശമാകുന്നത്,” എംബാപ്പെ വ്യക്തമാക്കി.
തന്റെ സഹതാരം വിനീഷ്യസ് ജൂനിയറിനെ ശക്തമായി പിന്തുണച്ച എംബാപ്പെ, നിലവിലെ തിരിച്ചടികൾക്ക് കാരണം ബ്രസീലിയൻ താരമല്ലെന്നും കൂട്ടിച്ചേർത്തു. വിനീഷ്യസ് ഒരു അത്ഭുതകരമായ കളിക്കാരനാണെന്നും അദ്ദേഹത്തെ തനിക്ക് വലിയ കാര്യമാണെന്നും എംബാപ്പെ പറഞ്ഞു. വിനീഷ്യസിനെ എല്ലാവരും ചേർന്ന് സംരക്ഷിക്കണമെന്നും റയൽ മാഡ്രിഡിൽ അദ്ദേഹം ഒറ്റയ്ക്കല്ലെന്നും ടീം മുഴുവൻ അദ്ദേഹത്തോടൊപ്പമുണ്ടെന്നും എംബാപ്പെ ഉറപ്പിച്ചു പറഞ്ഞു.
സൂപ്പർ കപ്പിലെ തോൽവിക്ക് പിന്നാലെ പുറത്താക്കപ്പെട്ട മുൻ പരിശീലകൻ സാബി അലോൺസോയെയും എംബാപ്പെ പ്രതിരോധിച്ചു. അലോൺസോയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നും അദ്ദേഹം ഒരു മികച്ച പരിശീലകനാണെന്നും താരം പറഞ്ഞു. അലോൺസോ പരാജയപ്പെട്ടുവെന്ന് പറയുന്നത് ശരിയല്ലെന്നും താനുമായി അദ്ദേഹത്തിന് മികച്ച ബന്ധമായിരുന്നുവെന്നും എംബാപ്പെ ഓർമ്മിപ്പിച്ചു.









