കൈലിയൻ എംബപ്പെ ഇത്തവണ പി എസ് ജിയിൽ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ട്. വിൽക്കാനുള്ള നടപടികൾ പി എസ് ജി ആലോചിക്കുന്നുണ്ട് എങ്കിലും ഇതുവരെ എംബപ്പെ ക്ലബ് വിടാൻ തയ്യാറായിരുന്നില്ല. ഈ സീസൺ പി എസ് ജിയിൽ തുടർന്ന് താൻ കരാർ പൂർത്തിയാക്കും എന്ന് പി എസ് കി ഉടമകളോടെ എംബപ്പെ കഴിഞ്ഞ ദിവസം പറഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതാകും താരത്തിന്റെ അന്തിമ തീരുമാനം എന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
എന്നാൽ കരാർ പുതുക്കാതെ പി എസ് ജി താരത്തെ കളിക്കാൻ വിടില്ല എന്ന നിലപാടിലാണ്. താരത്തെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താൻ പോലും ക്ലബ് വിടുന്നില്ല. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പി എസ് ജിയുടെ പ്രീസീസൺ യാത്രയിലും എംബപ്പെ ഭാഗമായിരുന്നില്ല. സീസൺ ഈ ആഴ്ച ആരംഭിക്കാൻ നിൽക്കുകയാണ്. എന്നാൽ എംബാപ്പെ ലൂയിസ് എൻറിക്വെയുടെ ആദ്യ ടീമിന്റെ ഭാഗമാകില്ല. അടുത്ത ആഴ്ച നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിലും എംബപ്പെ ഉണ്ടാകില്ല.
എത്രയും പെട്ടെന്ന് കരാർ പുതുക്കാൻ തീരുമാനിക്കുകയോ അടുത്ത ക്ലബ് കണ്ട് പിടിക്കുകയോ ആണ് എംബപ്പെയോ പി എസ് ജി ആവശ്യപ്പെട്ടിരിക്കുന്ന കാര്യം. 24 കാരനായ എംബാപ്പെ 12 മാസത്തേക്ക് നീട്ടാനുള്ള ഓപ്ഷൻ നിരസിച്ചതോടെ ആയിരുന്നു ക്ലബും എംബപ്പെയും തമ്മിലുള്ള പ്രശ്നം ആരംഭിച്ചത്. എംബപ്പെയെ വിൽക്കാൻ ആണ് പി എസ് ജി തീരുമാനം എങ്കിലും റയൽ മാഡ്രിഡ് അല്ലാാതെ ഒരു ക്ലബിലേക്കും പോകാൻ എംബപ്പെ തയ്യാറായിരുന്നില്ല.
അൽ ഹിലാൽ 300 മില്യണു മുകളിലുള്ള ഒരു ഓഫറുമായി സമീപിച്ചപ്പോൾ ചർച്ചക്ക് പോലും എംബപ്പെ തയ്യാറായിരുന്നില്ല. റയൽ മാഡ്രിഡ് ആണെങ്കിൽ ഇതുവരെ എംബപ്പെക്ക് ആയി രംഗത്ത് വന്നിട്ടില്ല.