ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്ക് വേണ്ടി ഇന്ത്യൻ ഫുട്ബോൾ ടീം അടുത്ത ആഴ്ച ഖത്തറിലേക്ക് പോകും. മെയ്ം 19നാകും ഇന്ത്യൻ ടീം ഖത്തറിലേക്ക് പോവുക. ജൂണിലാണ് ഇന്ത്യയുടെ ബാക്കി യോഗ്യത മത്സരങ്ങൾ നടക്കുക. ഖത്തറിൽ രണ്ട് ആഴ്ചയോളം ഇന്ത്യൻ പരിശീലന ക്യാമ്പും നടക്കും. കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് ഇന്ത്യയിൽ വെച്ച് നടത്തില്ല എന്ന് എ ഐ എഫ് എഫ് നേരത്തെ പറഞ്ഞിരുന്നു.
ഖത്തറിലേക്ക് പോകും മുമ്പ് മുഴുവൻ താരങ്ങളും ഒഫീഷ്യൽസും RT-PCR ടെസ്റ്റും നടത്തും. ഖത്തറിൽ ഇന്ത്യൻ ടീമിന് ഹാർഡ് ക്വാരന്റൈൻ ഉണ്ടാവില്ല. ഖത്തറിൽ വെച്ച് തന്നെയാണ് ഇന്ത്യയുടെ ബാക്കിയുള്ള യോഗ്യത മത്സരങ്ങൾ നടക്കേണ്ടത്. ജൂൺ 3ന് ഖത്തറിനെതിരെയും ജൂൺ 7ന് ബംഗ്ലാദേശിനെയും ജൂൺ 15ന് അഫ്ഗാനിസ്താനെയും ആണ് ഇന്ത്യക്ക് നേരിടാൻ ഉള്ളത്. ഗ്രൂപ്പിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാത്ത ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചിരുന്നു. ബാക്കിയുള്ള മത്സരങ്ങളിൽ നല്ല പ്രകടനങ്ങൾ നടത്തി ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം.