ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഷ്ടപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കും എന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ യുണൈറ്റഡ് ഈ വിൻഡോയിൽ അമോറിമിനെ പിന്തുണക്കാനായി കാര്യമായ നീക്കങ്ങൾ ഒന്നും നടത്തിയില്ല. ആകെ ലെഫ്റ്റ് ബാക്ക് ആയ ഡോർഗുവിന്റെ സൈനിംഗ് മാത്രമേ സീനിയർ ടീമിനെ സഹായിക്കാൻ ഉതകുന്ന സൈനിംഗ് ആയി പറയാൻ ആവുകയുള്ളൂ.
യുണൈറ്റഡ് ആഴ്സണൽ യുവതാരം എയ്ദൻ ഹെവനെയും പരാഗ്വേ താരം ഡീഗോ ലിയോണെയും സൈൻ ചെയ്തു എങ്കിലും ഇരുവരെയും ഭാവി താരങ്ങളായാണ് യുണൈറ്റഡ് കണക്കാക്കുന്നത്. ഇരുവരും ഉടനടി ഫസ്റ്റ് ടീമിൽ എത്തുകയുമില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ ആവശ്യം ഒരു സ്ട്രൈക്കർ ആയിരുന്നു. ഈ സീസണിൽ ഗോളടിക്കൽ ആയിരുന്നു യുണൈറ്റഡിന്റെ ഏറ്റവും വലിയ പ്രശ്നം. ഹൊയ്ലുണ്ടും സിർക്സിയും ഗോളടിക്കുന്നേ ഇല്ല എന്നത് കൊണ്ട് അവസാന മത്സരത്തിൽ യുണൈറ്റഡ് മധ്യനിര താരം മൈനുവിനെ വരെ സ്ട്രൈക്കർ ആക്കി ഇറക്കി നോക്കി.
റാഷ്ഫോർഡ്, ആന്റണി എന്നിവരെല്ലാം ക്ലബ് വിട്ടപ്പോൾ പകരം യുണൈറ്റഡ് ഒരു അറ്റാക്കിങ് താരത്തെ എങ്കിലും ടീമിൽ എത്തിക്കും എന്ന് ആരാധകർ കരുതി. അമോറിം പോലും പത്ര സമ്മേളനത്തിൽ അത്തരം പ്രതീക്ഷകൾ പുലർത്തി. എന്നാൽ ട്രാൻസ്ഫർ വിൻഡോ അടക്കുന്നത വരെ അങ്ങനെ ഒരു നീക്കം യുണൈറ്റഡ് നടത്തിയില്ല.
ഇനി ഈ സീസൺ അവസാനം വരെ ഹൊയ്ലുണ്ടും സിർക്സിയും ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇരിക്കേണ്ടി വരും. ഈ സീസണിൽ 24 ലീഗ് മത്സരങ്ങളിൽ നിന്ന് വെറും 28 ഗോളുകൾ മാത്രമാണ് യുണൈറ്റഡ് അടിച്ചത്. ഈ അറ്റാക്കിനെയും ആശ്രയിച്ച് യുണൈറ്റഡ് ടോപ് 10ൽ എങ്കിലും എത്തുമോ എന്ന ആശങ്കയാണ് യുണൈറ്റഡ് ആരാധകർക്ക് ഉള്ളത്.