5 മിനുട്ടിനിടയിൽ മൂന്ന് ചുവപ്പ് കാർഡും 2 ഗോളുകളും. അത്രയും നാടകീയത നിറഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഫുൾഹാമിനെ പരാജയപ്പെടുത്തി. എഫ് എ കപ്പിൽ സെമി ഫൈനലും ഉറപ്പിച്ചു. ബ്രൂണോ ഫെർണാണ്ടസും സബിറ്റ്സറും ആണ് യുണൈറ്റഡിനായി ഇന്ന് ഗോളുകൾ നേടിയത്.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രയാസപ്പെടുന്നതാണ് കണ്ടത്. കസെമിറോയും വരാനെയും സ്ക്വാഡിൽ ഇല്ലാതിരുന്നത് യുണൈറ്റഡിനെ പതിവ് താളത്തിൽ നിന്ന് അകറ്റി. ആദ്യ പകുതിയിൽ ഇരു ടീമുകളും നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു എങ്കിലും ഫുൾഹാം ആയിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. രണ്ടാം പകുതിയിൽ ഫുൾഹാം അതിലും നന്നായി തുടങ്ങി.
മത്സരം രണ്ടാം പകുതി ആരംഭിച്ച് 5 മിനുട്ടിനുള്ളിൽ ഫുൾഹാം ലീഡ് എടുത്തു. ഒരു സെറ്റ് പീസിൽ നിന്ന് മിട്രോവിച് ആണ് ഫുൾഹാമിന് ലീഡ് നൽകിയത്. ഇതിനു ശേഷം കളിയിലേക്ക് തിരികെവരാൻ യുണൈറ്റഡ് ശ്രമിച്ചു എങ്കിലും ഫുൾഹാം തന്നെ മികച്ചു നിന്നു. ഡി ഹിയയുടെ നലൽ സേവുകളും കാണാൻ ആയി. തുടർന്ന് യുണൈറ്റഡ് ആന്റണിയെ കളത്തിൽ ഇറക്കി. ആന്റണി തുടങ്ങിയ ഒരു കൗൺറ്റർ അറ്റാക്ക് സാഞ്ചോയിൽ എത്തി. ഗോളിയെ ഡ്രിബിൾ ചെയ്ത സാഞ്ചോ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തൊടുത്തു. ഇത് സേവ് ചെയ്യാൻ കൈ ഉപയോഗിച്ച ഫുൾഹാം താരം വില്യന് റഫറി വാർ പരിശോധനക്ക് ശേഷം ചുവപ്പ് നൽകി.
ഈ ചുവപ്പിനെതിരെ പ്രതിഷേധിച്ച മിട്രോവിചും ചുവപ്പ് കണ്ടു. ഒപ്പം കോച്ച് മാർകോ സില്വയും ചുവപ്പ് കണ്ടു. ഫുൾഹാം നിമിഷ നേരം കൊണ്ട് 11 പേരിൽ നിന്ന് 9 ആയി ചുരുങ്ങി. ആ ഹാൻഡ് ബോളിന് കിട്ടിയ പെനാൾട്ടി ബ്രൂണോ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1. സമയം 75. അതു കഴിഞ്ഞ് 77ആം മിനുട്ടിൽ ഇടതു വാശത്തു കൂടി മുന്നേറിയ ഷോ നൽകിയ പാസിൽ നിന്ന് സബിറ്റ്സർ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടി. യുണൈറ്റഡ് 2-1ന് മുന്നിൽ.
ഇതിനു ശേഷം പിന്നെ കാര്യങ്ങൾ യുണൈറ്റഡിന് എളുപ്പമായിരുന്നു. യുണൈറ്റഡ് അനായാസം സെമി ഉറപ്പിച്ചു. അവസാനം 95ആം മിനുട്ടിൽ ബ്രൂണോ യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി. ബ്രൈറ്റണെ ആകും യുണൈറ്റഡ് സെമി ഫൈനലിൽ നേരിടുക.