മാഞ്ചസ്റ്റർ യുണൈറ്റഡ് പറക്കുകയാണ് എന്ന് പറയാം. ലീഗ് കപ്പ് വിജയിച്ച ടീം ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ അവസാന നിമിഷ ഗോളിൽ വിജയിച്ചു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഒരു ഗോളിന് പിറകിൽ പോയ ശേഷം പൊരുതിയ യുണൈറ്റഡ് 3-1ന്റെ വിജയമാണ് സ്വന്തമാക്കിയത്.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ ടെൻ ഹാഗ് റാഷ്ഫോർഡ്, കസെമിറോ, മാർട്ടിനസ്, വരാനെ, ഫ്രെഡ് എന്നിവരെയെല്ലാം ബെഞ്ചിൽ ഇരുത്തിയാണ് കളി തുടങ്ങിയത്. അതുകൊണ്ട് തന്നെ യുണൈറ്റഡിന് പതിവ് താളം കണ്ടെത്താൻ ആയില്ല. ആദ്യ പകുതിയിൽ തീർത്തും വെസ്റ്റ് ഹാമിന്റെ നല്ല നീക്കങ്ങൾ ആണ് കാണാൻ കഴിഞ്ഞത്. ഡി ഹിയയുടെ നല്ല സേവുകൾ വേണ്ടി വന്നു കളി ആദ്യ പകുതിയിൽ ഗോൾ രഹിതമായി നിൽക്കാൻ.
രണ്ടാം പകുതിയിലും വെസ്റ്റ് ഹാം നന്നായി തുടങ്ങി. കളിയുടെ 54ആം മിനുട്ടിൽ അവർ ലീഡ് നേടി. ബെൻറാമയുടെ ഗംഭീര ഫിനിഷ് ആണ് യുണൈറ്റഡിനെ ഞെട്ടിച്ചത്. ഇതിനു പിന്നാലെ യുണൈറ്റഡ് റാഷ്ഫോർഡിനെയും ലിസാൻഡ്രോ മാർട്ടിനസിനെയും കളത്തിൽ എത്തിച്ചു. യുണൈറ്റഡ് അറ്റാക്കിലേക്ക് തിരിയുകയും ചെയ്തു.
73ആം മിനുട്ടിൽ കസെമിറോയുടെ ഒരു ഹെഡറിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില കണ്ടെത്തി എങ്കിലും വാർ ഓഫ് സൈഡ് ആയതിനാൽ ഗോൾ നിഷേധിച്ചു. അധികം വൈകാതെ യുണൈറ്റഡ് അറ്റാക്കുകൾ ഫലം കണ്ടു. 77ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില കണ്ടെത്തി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ ഒരു സെൽഫ് ഗോളായി വലയിലേക്ക് കയറുക ആയിരുന്നു.
പിന്നെയും യുണൈറ്റഡ് പൊരുതി. എക്സ്ട്രാ ടൈമിനു മുമൊ വിജയിക്കുക ആയിരുന്നു യുണൈറ്റഡ് ലക്ഷ്യം. 89ആം മിനുട്ടിൽ യുവതാരം ഗർനാചോയിലൂടെ യുണൈറ്റഡ് വിജയ ഗോൾ കണ്ടെത്തി. മനോഹരമായ കേർലറിലൂടെ ആയിരുന്നു ഗർനാചോയുടെ സ്ട്രൈക്ക്. സ്കോർ 2-1. ഇതിനു പിന്നാലെ ഫ്രെഡിലൂടെ യുണൈറ്റഡ് മൂന്നാം ഗോളും നേടി. ടീം ക്വാർട്ടറും ഉറപ്പിച്ചു.