മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്റർനാഷണൽ ഇടവേള കഴിഞ്ഞ് ഇന്ന് ഇറങ്ങുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട ശേഷമുള്ള യുണൈറ്റഡിന്റെ അദ്യ മത്സരമാകും ഇത്. ഇന്ന് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയെ നേരിടും. ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടം രാത്രി 1.30നാണ് നടക്കുക. മത്സരം ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല. ആരാധകർ സ്ട്രീമിങ് ലിങ്കുകളെ ആശ്രയിക്കേണ്ടി വരും.
ഇന്ന് ടെൻ ഹാഗ് ഒരു യുവനിരയെ ഇറക്കാൻ ആണ് സാധ്യത. ലോകകപ്പ് കാരണം രാജ്യങ്ങളുടെ ഒപ്പമായിരുന്നു താരങ്ങളിൽ ഭൂരിഭാഗം താരങ്ങളും ഇന്നലെയോടെ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ബ്രൂണോ, കസമിറോ, ആന്റണി എന്നിവരെല്ലാം ഇന്നലെ കാരിങ്ടണിൽ എത്തിയിരുന്നു.
ലോകകപ്പ് ഫൈനലിൽ കളിച്ച വരാനെ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ ടീമിനൊപ്പം ഇല്ല. ഇനിയും ഒരാഴ്ച കൂടെ കഴിഞ്ഞാലെ ഇരുവരും ടീമിനൊപ്പം ചേരുകയുള്ളൂ. മുൻ മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ വിൻസെന്റ് കൊമ്പനി ആണ് ബേർൺലിയുടെ പരിശീലകൻ.