ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനോട് സമനില വഴങ്ങി. ആവേശകരമായ മത്സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്. സിറ്റിയുടെ റിക്കോ ലൂയിസിന് ചുവപ്പ് കാർഡ് കിട്ടിയതിനാൽ അവസാന 10 മിനുട്ടുകളോളം സിറ്റി 10 പേരുമായാണ് കളിച്ചത്.
ഇന്ന് സിറ്റി ഒരിക്കലും ആഗ്രഹിക്കാത്ത തുടക്കമാണ് അവർക്ക് ലഭിച്ചത്. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തു. ഹ്യൂസിന്റെ പാസ് സ്വീകരിച്ച് ഡാനിയൽ മുനസ് ആണ് പാലസിന് ലീഡ് നൽകിയത്.
ഈ ഗോളിന് 30ആം മിനുട്ടിൽ മറുപടി നൽകാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആയി. നൂനസിന്റെ ഒരു ഡീപ്പ് ക്രോസ് ഉയർന്നു ചാടി ഹാളണ്ട് വലയിൽ എത്തിക്കുക ആയിരുന്നു. സ്കോർ 1-1.
രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ മാക്സെൻസ് ലക്രോയിക്സിലൂടെ പാലസ് വീണ്ടും ലീഡ് എടുത്തു. ഇത്തവണയും ഹ്യൂസ് ആണ് അസിസ്റ്റ് ഒരുക്കിയത്. എന്നാൽ ഇത്തവണയും സിറ്റിക്ക് തിരിച്ചടിക്കാൻ ആയി. 68ആം മിനുട്ടിൽ റികോ ലൂയിസിന്റെ ഒരു റോക്കറ്റ് സ്ട്രൈക്ക് ടോപ് കോർണറിൽ പതിച്ചു. സ്കോർ 2-2.
സിറ്റി വിജയ ഗോളിനായി ശ്രമിക്കവെ 84ആം മിനുട്ടിൽ റിക്കോ ലൂയുസ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി. ഇത് സിറ്റിക്ക് തിരിച്ചടിയായി.
ഈ സമനിലയോട് മാഞ്ചസ്റ്റർ സിറ്റി ലീഗിൽ 27 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്. സിറ്റി അവസാന 9 മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് വിജയിച്ചത്. പാലസ് 13 പോയിന്റുമായി 16ആം സ്ഥാനത്ത് നിൽക്കുന്നു.