ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസിയെ 2-1ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ വിജയം സ്വന്തമാക്കി. രണ്ട് ചുവപ്പ് കാർഡുകളും തകർപ്പൻ പ്രകടനങ്ങളും കണ്ട ഈ മത്സരം ആവേശത്തിന്റെ മുൾമുനയിലായിരുന്നു. പത്ത് പേരുമായി കളിച്ചിട്ടും യുണൈറ്റഡ് സ്വന്തം തട്ടകത്തിൽ വിജയം പിടിച്ചെടുത്തു.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ബ്രയാൻ എംബ്യൂമോയെ ബോക്സിന് പുറത്ത് വെച്ച് ഫൗൾ ചെയ്തതിനാണ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. തുടർന്ന് ചെൽസി ഒരു അറ്റാക്കറെ പിൻവലിച്ച് പകരക്കാരനായി ജോർഗെൻസനെ കളത്തിലിറക്കി.
ഒരു താരത്തിന്റെ ആനുകൂല്യം ലഭിച്ച യുണൈറ്റഡ് ആക്രമിച്ചു കളിച്ചു. 14-ാം മിനിറ്റിൽ മാസ്‌റോയിയുടെ ക്രോസിൽ നിന്ന് ഡോർഗു നൽകിയ പാസ് നായകൻ ബ്രൂണോ ഫെർണാണ്ടസ് ഗോളാക്കി മാറ്റി. യുണൈറ്റഡിനായി ഫെർണാണ്ടസിന്റെ 100-ാം ഗോൾ നേട്ടം കൂടിയായിരുന്നു ഇത്.
37-ാം മിനിറ്റിൽ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയർത്തി. ഒരു കോർണർ കിക്കിന് ശേഷം മാഗ്വെയറിന്റെ ഹെഡറിൽ നിന്ന് കാസെമിറോ ഗോൾ നേടി. 2-0 എന്ന നിലയിൽ യുണൈറ്റഡ് മുന്നിലെത്തി.
എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കാസെമിറോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. സാന്റോസിനെ ഫൗൾ ചെയ്തതിനാണ് താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചത്. ഇതോടെ ഇരു ടീമുകളും 10 പേരുമായി രണ്ടാം പകുതിയിൽ കളിച്ചു.
രണ്ട് ടീമും 10 പേരായി കളിക്കാൻ തുടങ്ങിയതോടെ ചെൽസി തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ ഡി ലിഗ്റ്റും മാഗ്വെയറും നയിച്ച യുണൈറ്റഡ് പ്രതിരോധം ശക്തമായി നിന്നു. 63-ാം മിനിറ്റിൽ ഫോഫാന ചെൽസിക്കായി ഒരു ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
80-ാം മിനിറ്റിൽ ചെൽസിക്ക് ഗോൾ ലഭിച്ചു. ജെയിംസ് നൽകിയ മികച്ച ക്രോസ് ട്രെവോ ചാലോബ ഹെഡറിലൂടെ ഗോളാക്കി മാറ്റി. ഇതോടെ മത്സരം 2-1 എന്ന നിലയിലായി. സമനില ഗോളിനായി ചെൽസി പൊരുതിയെങ്കിലും യുണൈറ്റഡ് പ്രതിരോധം ശക്തമായി നിന്നു. എട്ട് മിനിറ്റ് അധിക സമയവും പ്രതിരോധിച്ച് യുണൈറ്റഡ് വിജയം സ്വന്തമാക്കി. യുണൈറ്റഡിനെ ഈ ജയം 9ആം പൊസിഷനിലേക്ക് ഉയർത്തി.