ഇതിഹാസതാരം പൗലോ മാൽദിനിയുടെ മകൻ ഇറ്റാലിയൻ ടീമിൽ

Jyotish

മാൽദിനി കുടുംബത്തിന്റെ ഫുട്ബോൾ പാരമ്പര്യം തുടരുന്നു. സിസാർ മാൽദിനിക്കും മകൻ പൗലോ മാൽദിനിക്കും പിന്നാലെ പൗലോയുടെ മകൻ ഡാനിയേൽ മാൽദിനിയും ഇറ്റാലിയൻ ദേശീയ ടീമിൽ. ഇറ്റലിയുടെ അണ്ടർ -18 സ്‌ക്വാഡിലേക്കാണ് ഡാനിയേലിനു ക്ഷണം ലഭിച്ചത്. 17-കാരനായ ഡാനിയേൽ ഹോളണ്ടിനെതിരായ ഇറ്റാലിയൻ അണ്ടർ -18 സ്‌ക്വാഡിന്റെ ഭാഗമാകും.

അച്ഛനിൽ നിന്നും മുത്തച്ഛനിൽ നിന്നും വ്യത്യസ്തനായി ആക്രമണ നിരയുടെ ഭാഗമാണ് ഡാനിയേൽ മാൽദിനി. മിലൻറെ യൂത്ത് ടീമിൽ അംഗമായ ഡാനിയേൽ ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്നും ഒൻപത് ഗോളുകളും നേടിയിട്ടുണ്ട്.

മുൻ ഇറ്റലി, മിലാൻ പരിശീലകനായ സിസാർ മാൽദിനി ഇറ്റലിയെ ലോകകപ്പിൽ പരിശീലിപ്പിച്ചിട്ടുണ്ട്. താരമെന്ന നിലയ്ക്ക് മിലാനോടൊപ്പം നാല് തവണ ഇറ്റാലിയൻ ലീഗും ഒരു തവണ യൂറോപ്പ്യൻ കപ്പും നേടിയ അദ്ദേഹം പരിശീലകനെന്ന നിലയ്ക്ക് യൂറോപ്പ്യൻ കപ്പ് വിന്നേഴ്സ് കപ്പും കോപ്പ ഇറ്റാലിയയും മിലാനു നേടിക്കൊടുത്തിട്ടുണ്ട്. ലോകത്തെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായാണ് പൗലോ മാല്‍ദിനി അറിയപ്പെടുന്നത്. 647 മത്സരങ്ങള്‍ മിലാനു വേണ്ടി കളിച്ച മാല്‍ദിനി 25 സീസണുകള്‍ ഇറ്റാലിയന്‍ ലീഗില്‍ പൂര്‍ത്തിയാക്കിയിരുന്നു.