ലാലിഗയിൽ കിരീട പോരാട്ടത്തിൽ ബാഴ്സലോണക്ക് വലിയ സഹായം ചെയ്ത് അത്ലറ്റിക്കോ മാഡ്രിഡ്. ഇന്ന് ബെർണബെയുവിൽ നടന്ന മാഡ്രിഡ് ഡർബിയിൽ റയൽ മാഡ്രിഡിനെ സിമിയോണിയയുടെ ടീം സമനിലയിൽ പിടിച്ചു. ഇന്ന് മത്സരത്തിന്റെ അവസാന അര മണിക്കൂറിൽ അധികം പത്തുപേരുമായി കളിച്ച അത്ലറ്റിക്കോ മാഡ്രിഡ് 1-1 എന്ന സമനിലയാണ് നേടിയത്.
ഇന്ന് തുടക്കം മുതൽ ഡിഫൻസീവ് ടാക്ടിക്സുമായി ഇറങ്ങിയ അത്ലറ്റിക്കോ മാഡ്രിഡ് റയൽ മാഡ്രിഡിന്റെ എല്ലാ വഴികളും അടച്ചു. നല്ല ഒരു അവസരം സൃഷ്ടിക്കാൻ റയൽ പാടുപെട്ടു. അത്ലറ്റിക്കോ ആവട്ടെ ഗ്രീസ്മനിലൂടെ ഇടയ്ക്കിടെ റയലിനെ പരീക്ഷിക്കുകയും ചെയ്തു.
64ആം മിനുട്ടിൽ റുദിഗറിനെ എൽബോ ചെയ്തതിന് കൊറേയ ചുവപ്പ് കണ്ട് പുറത്തു പോയി. ഇതിനു ശേഷവും റയലിന് സിമിയോണിയുടെ ഡിഫൻസ് ഭേദിക്കാൻ ആയില്ല. 78ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ ജിമിനസ് അത്ലറ്റിക്കോയെ മുന്നിൽ എത്തിച്ചു. ഈ ഗോളിന് ശേഷമാണ് റയൽ മാഡ്രിഡ് ഉണർന്നത്.
അവർ തുടരെ ആക്രമണങ്ങൾ നടത്തി ഒബ്ലകിനെ പരീക്ഷിക്കാൻ തുടങ്ങി. 87ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് 19കാരൻ ആൽവാരോ റോഡ്രിഗസ് റയലിന് സമനില നൽകി. യുവതാരത്തിന്റെ റയൽ മാഡ്രിഡിനായുള്ള ആദ്യ ഗോളാണ് ഇത്.
ഈ സമനിലയോടെ റയൽ മാഡ്രിഡ് 23 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. നാളെ ബാഴ്സലോണ ജയിച്ചാൽ അവർക്ക് റയലുമായുള്ള ലീഡ് 10 പോയിന്റാക്കി ഉയർത്താം.