ആദ്യമായി ഇന്ത്യയെ ഒരു ലോകകപ്പിൽ പരിശീലിപ്പിച്ച ഡി മാറ്റോസ് ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചു. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നിരുന്നു. എ ഐ എഫ് എഫിന് അയച്ച ഔദ്യോഗിക കത്തിലൂടെയാണ് മാറ്റോസ് തന്റെ രാജി അറിയിച്ചത്. ട്രെയിനിങിനിടെ പരിക്കേറ്റ ഡി മാറ്റോസ് കഴിഞ്ഞ ആഴ്ച ഇന്ത്യ വിട്ടിരുന്നു.
ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ കാരണങ്ങളുമാണ് രാജിവെക്കാൻ കാരണമെന്ന് ഡിമാറ്റോസ് പറഞ്ഞു. അണ്ടർ 17 ലോകകപ്പ് ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മാത്രം മുന്നെ നിക്കോള ആഡം പുറത്താക്കപ്പെട്ടപ്പോൾ ആയിരുനു ഡി മാറ്റോസ് ഇന്ത്യയുടെ ചുമതല ഏറ്റെടുത്തത്.
അണ്ടർ 17 ലോകകപ്പിൽ വിജയമൊന്നും നേടാൻ ആയില്ല എങ്കിലും ഇന്ത്യയ്ക്ക് തല ഉയർത്തി നിക്കാനുള്ള പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നു. അണ്ടർ 17 ലോകകപ്പിന് പിറകെ അണ്ടർ 19 എ എഫ് സി യോഗ്യതാ റൗണ്ടിലും ഡി മാറ്റോസ് ഇന്ത്യയെ നയിച്ചു. തുടർന്ന അണ്ടർ 17 ലോകകപ്പിലെ താരങ്ങളെ ഉൾപ്പെടുത്തി എ ഐ എഫ് എഫ് രൂപീകരിച്ച ഇന്ത്യൻ ആരോസിനെ ഐലീഗിലും ഡി മാറ്റോസ് നയിച്ചു.
കോമൽ തട്ടാൽ പോലുള്ള താരങ്ങളെ തഴഞ്ഞതിന് വിമർശനങ്ങൾ കേട്ടിരുന്നു എങ്കിലും മലയാളി താരം കെ പി രാഹുലിനെ പോലുള്ളവരുടെ വളർച്ചയിൽ ഡിമാറ്റോസിന് വലിയ പങ്ക് ഉണ്ട്. തന്റെ ഇന്ത്യയിലെ യാത്രയ്ക്ക് ഒപ്പം നിന്ന താരങ്ങൾക്കും എ ഐ എഫ് എഫിനു സ്റ്റാഫുകൾക്കും ഒപ്പം ആരാധകർക്കും കോച്ച് നന്ദി അറിയിച്ചു.
ഇന്ത്യൻ ഫുട്ബോളിന് ഭാവി ഉണ്ടെന്നും ഒന്നും അസാധ്യമല്ല എന്ന് വിശ്വസിക്കണമെന്നും വിടപറയൽ സന്ദേശത്തിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരെ അദ്ദേഹം ഓർമ്മിപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
