ഇന്ന് പ്രീമിയർ ലീഗിൽ ലിവർപൂളിന് എതിരായ മത്സരത്തിൽ ന്യൂകാസിൽ ഗോൾ കീപ്പർ നിക് പോപിന് ചുവപ്പ് കാർഡ് കിട്ടിയത് ക്ലബിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. നിക് പോപിന് ചുവപ്പ് കിട്ടിയതോടെ അടുത്ത ആഴ്ച നടക്കുന്ന ലീഗ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്ന ന്യൂകാസിലിന് ഒരു നല്ല ഗോൾ കീപ്പർ ഇല്ലാത്ത അവസ്ഥയിലാണ് ഉള്ളത്. നിക് പോപ് ഇല്ലാത്ത അവസരത്തിൽ ഇറങ്ങേണ്ട രണ്ടാം ഗോൾ കീപ്പർ ദുബ്രാക ആണ്.
എന്നാൽ ദുബ്രാക ഈ സീസണിന്റെ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ലോണിൽ കളിച്ചിരുന്നു. അപ്പോൾ യുണൈറ്റഡിനായി അദ്ദേഹം ലീഗ് കപ്പ് കളിച്ചിട്ടുള്ളതിനാൽ ഈ സീസണിൽ ഇനി ദുബ്രാകയ്ക്ക് ലീഗ് കപ്പിൽ കളിക്കാൻ ആകില്ല. ന്യൂകാസിലിന്റെ മൂന്നാം ഗോൾ കീപ്പർ ലോറിസ് കരിയസ് ആകും ഇനി ഫൈനലിൽ ഇറങ്ങേണ്ടി വരിക.
2018 ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്റെ വല കാത്ത് രണ്ട് വലിയ അബദ്ധങ്ങൾ കാണിച്ച് കരിയർ തന്നെ ദുരിതത്തിൽ ആയ താരമാണ് കരിയസ്. അന്നത്തെ അബദ്ധങ്ങൾ കാരണം ലിവർപൂൾ ഫൈനലിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് ലിവർപൂൾ വിട്ട താരം 2021ൽ ആണ് അവസാനം ഒരു മത്സരം കളിച്ചത്. വെംബ്ലിയിൽ യുണൈറ്റഡിന് എതിരെ കരിയസ് ഇറങ്ങുന്നു എന്നത് യുണൈറ്റഡ് ആരാധകർക്ക് സന്തോഷം നൽകും. എന്നാൽ കരിയസ് അവസരം ലഭിക്കുക ആണെങ്കിൽ തന്റെ കരിയർ നേരെയാക്കാനുള്ള അവസരമാക്കി അത് മാറ്റാൻ ആകും ശ്രമിക്കുക.