ആൻഫീൽഡിൽ നടന്ന ആവേശം നിറഞ്ഞ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ 2-1ന് പരാജയപ്പെടുത്തി. ലിവർപൂളിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. യുണൈറ്റഡിനായി ഹാരി മാഗ്വയർ നേടിയ ഗോൾ മത്സരത്തിന് നാടകീയത നൽകി.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. അമദ് ഡയലോ നൽകിയ കൃത്യമായ പാസ് മുതലെടുത്ത് ബ്രയാൻ എംബ്യൂമോ പന്ത് ലിവർപൂൾ ഗോൾകീപ്പർ മമാർദാഷ്‌വിലിയുടെ മുകളിലൂടെ വലയിലെത്തിച്ചു. 1-0ന് മുന്നിലെത്തിയ യുണൈറ്റഡ് ലിവർപൂളിനെ സമ്മർദ്ദത്തിലാക്കി.
ഒരു ഗോളിന് പിന്നിലായിരുന്ന ലിവർപൂൾ സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും യുണൈറ്റഡിന്റെ പ്രതിരോധം ശക്തമായിരുന്നു. പലതവണ ഗോളിന് അടുത്തെത്തി. ലിവർപൂൾ താരം കോഡി ഗക്പോയുടെ രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിച്ചു. ഒടുവിൽ 78-ാം മിനിറ്റിൽ ഫെഡറിക്കോ കിയേസ നൽകിയ മികച്ച പാസിൽ ഗക്പോയ്ക്ക് പിഴച്ചില്ല. സിക്സ് യാർഡ് ബോക്സിനുള്ളിൽ നിന്ന് അനായാസം പന്ത് വലയിലെത്തിച്ച് ഗക്പോ സ്കോർ 1-1ന് സമനിലയിലാക്കി.
എന്നാൽ, ആറ് മിനിറ്റിനുള്ളിൽ നാടകീയമായി യുണൈറ്റഡ് വീണ്ടും മുന്നിലെത്തി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്ന് ശക്തമായ ഒരു ഹെഡ്ഡറിലൂടെ ഹാരി മാഗ്വയർ വിജയഗോൾ നേടി.
ഇഞ്ചുറി ടൈമിൽ ലിവർപൂൾ സമനിലക്കായി ആഞ്ഞടിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധം ഉറച്ചു നിന്നു. 2016 ന് ശേഷം ആൻഫീൽഡിൽ യുണൈറ്റഡ് നേടുന്ന ആദ്യ വിജയമാണിത്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 13 പോയിന്റുമായി ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു. 15 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.