മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡും സൗദി അറേബ്യയിലേക്ക്. ലിംഗാർഡ് സൗദി ക്ലബായ ഇത്തിഫാഖുമായി ഒരു മാസത്തെ കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒരു മാസം ടീമിനൊപ്പം പരിശീലനം നടത്താൻ സയഹായിക്കുന്നതാണ് കരാർ. പരിശീലനം വിലയിരുത്തിയ ശേഷം ക്ലബ് താരത്തെ സ്ഥിര കരാറിൽ ടീമിൽ എടുക്കണോ എന്ന് തീരുമാനിക്കും. ഇത്തിഫാഖിന്റെ പരിശീലകനായ ജെറാഡുമായുള്ള ചർച്ചകൾ ആണ് ലിംഗാർഡിനെ സൗദിയിൽ എത്തിക്കുന്നത്.
ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത് വരെ ഒരു ക്ലബുമായും കരാറിൽ എത്താൻ ലിംഗാർഡിന് ആയിരുന്നില്ല. തരത്തിന്റെ മാച്ച് ഫിറ്റ്നസ് ആയിരുന്നു എല്ലാവരുടെയും പ്രശ്നം. ഫ്രീ ഏജന്റായ താരം അവസാന ആഴ്ചകളിൽ വെസ്റ്റ് ഹാമിനൊപ്പം പരിശീലനം നടത്തി.
ജെസ്സി ലിംഗാർഡിനെ അദ്ദേഹത്തിന്റെ ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റ് കഴിഞ്ഞ സീസൺ അവസാനത്തോടെ റിലീസ് ചെയ്തിരുന്നു. ഒരൊറ്റ വർഷം കൊണ്ട് താരം ക്ലബ് വിടേണ്ടി വന്നത് താരത്തിന്റെ ഫിറ്റ്നസും ഫോമും കാരണമായിരുന്നു. ഫോറസ്റ്റിനായി ആകെ 17 മത്സരങ്ങൾ മാത്രമെ ലിംഗാർഡ് കളിച്ചുള്ളൂ. ലിംഗാർഡിന് കാര്യമായി ഫോറസ്റ്റ് ജേഴ്സിയിൽ തിളങ്ങാൻ ആയില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്. അവസാന സീസണുകളിൽ യുണൈറ്റഡിൽ അവസരം കുറഞ്ഞതോടെ ആയിരുന്നു താരം ക്ലബ് വിട്ടത്. മുമ്പ് വെസ്റ്റ് ഹാമിനായി ലോണിൽ കളിച്ചും ലിംഗാർഡ് തിളങ്ങിയിരുന്നു.