മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വിക്ടർ ലിൻഡെലോഫ് ഈ സീസൺ അവസാനം ക്ലബ് വിട്ടേക്കും. തനിക്ക് ആവശ്യത്തിന് ഫുട്ബോൾ കളിക്കാൻ യുണൈറ്റഡിൽ അവസരം കിട്ടാത്തതിനെ കുറിച്ച് ലിൻഡെലോഫ് ഇന്ന് സംസാരിച്ചു. തനിക്ക് ഫുട്ബോൾ കളിക്കണം. അതാണ് പ്രധാനം. ഇപ്പോൾ അതിനു സാധിക്കുന്നില്ല. ഈ സീസൺ അവസാനം താൻ ക്ലബുമായി സംസാരിക്കും എന്നും ഭാവി അതിനു ശേഷം തീരുമാനിക്കും എന്നും സ്വീഡിഷ് താരം പറഞ്ഞു.
ലിൻഡെലോഫിനെ സ്വന്തമാക്കാൻ ഇന്റർ മിലാനും അത്ലറ്റിക്കോ മാഡ്രിഡും ശ്രമിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർ മിലാന്റെ സെന്റർ ബാക്കായ സ്ക്രിനിയർ പി എസ് ജിയിലേക്ക് പോകുന്നതിന് പകരക്കാരനായാണ് ഇന്റർ ലിൻഡലോഫൊനെ ലക്ഷ്യമിടുന്നത്. ലിൻഡെലോഫ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ സ്ഥിരം സാന്നിദ്ധ്യമല്ല.
റാഫേൽ വരാനെ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരാണ് യുണൈറ്റഡിൽ ഇപ്പോൾ പ്രധാന സെന്റർ ബാക്കുകൾ. അതു കഴിഞ്ഞാണ് ലിൻഡലോഫും മഗ്വയറും വരുന്നത്. 27കാരനായ ലിൻഡെലോഫ് അവസാന 5 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ് ഉണ്ട്. ബെൻഫികയിൽ നിന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ഭേദപ്പെട്ട പ്രകടനങ്ങൾ യുണൈറ്റഡിനായി കാഴ്ചവെക്കാൻ ഇതുവരെ ലിൻഡെലോഫിന് ആയിട്ടുണ്ട്. 150ൽ അധികം മത്സരങ്ങൾ താരം ഇതിനകം യുണൈറ്റഡിനായി കളിച്ചു.