സിദാനും പി എസ് ജിയും തമ്മിൽ ഒരു ചർച്ചയും നടന്നിട്ടില്ല എന്ന് സിദാന്റെ അഡ്വൈസർ

പി എസ് ജി പരിശീലകനായി സിനദിൻ സിദാൻ എത്തും എന്നുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് സിദാന്റെ അഡ്വൈസറായ മിഗ്ലിയസിയോ. എല്ലാ അഭ്യൂഹങ്ങളും അടിസ്ഥാന രഹിതമാണ് എന്ന് അദ്ദേഹം പറഞ്ഞു. തന്നെയോ സിദാനെയോ പി എസ് ജി ഇതുവരെ ബന്ധപ്പെട്ടിട്ടു പോലും ഇല്ല എന്ന് മിഗ്ലിയസിയോ പറയുന്നു‌. ഇതോടെ ഇന്ന് രാവിലെ മുതൽ ഉയർന്ന സിദാൻ പി എസ് ജിയിലേക്ക് എന്ന വാർത്തകളുടെ വേഗത കുറഞ്ഞു.

നീണ്ട കാലത്തെ ചർച്ചകൾക്ക് ഒടുവിൽ ഫുട്ബോൾ ഇതിഹാസം സിദാൻ പി എസ് ജിക്ക് അനുകൂലമായ മറുപടി നൽകിയിരിക്കുകയാണ്‌ എന്നായിരുന്നു ഇന്ന് വന്ന വാർത്തകൾ. പല ഫ്രഞ്ച് മാധ്യമങ്ങളും സിദാൻ പി എസ് ജിയിലേക്ക് അടുക്കുകയാണെന്നും റിപ്പോർട്ട് ചെയ്തു. ആ വാർത്തകൾ ഒക്കെ പുതിയ പ്രസ്താവനയോടെ അടിസ്ഥാനരഹിതമായി മാറിയിരിക്കുകയാണ്.

സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ വേറെ ടീമിനെ പരിശീലിപ്പിച്ചിട്ടില്ല. സിദാൻ പരിശീലകനായി റയലിനൊപ്പം 11 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടവും ഉണ്ട്.