നിലവിലെ തട്ടകമായ പാർക്ക് ഡെ പ്രൻസ് സ്വന്തമാക്കാനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. ടീം സമർപ്പിച്ച ഓഫറിനെതിരെ നഗര മേയർ ആയ അന്നെ ഹിഗാൽഡോ എത്തി. പിഎസ്ജിയുടെ ഓഫർ തികച്ചും പരിഹാസാത്മകമാണെന്നായിരുന്നു അവരുടെ അഭിപ്രായം. 38 മില്യൺ യൂറോയുടെ ഓഫർ ആണ് പിഎസ്ജി സമർപ്പിച്ചിരുന്നത്. ഒരു അഭിമുഖത്തിലാണ് അന്നെ പിഎസ്‌ജിക്കെതിരെ തുറന്നടിച്ചത്. സ്റ്റേഡിയം തന്റേതല്ലെന്നും പാരീസ് നഗരത്തിന് സ്വന്തമാണെന്നും അവർ ചൂണ്ടിക്കാണിച്ചു. “കൈമാറ്റ തുക നിശ്‌ചയിക്കേണ്ടതുണ്ട്. അതിനായുള്ള നിയമനടപടികളെ ബഹുമാനിക്കേണ്ടതായും ഉണ്ട്. എന്നാൽ ടീം മുന്നോട്ടു വെച്ച 38 മില്യൺ യൂറോയുടെ ഓഫർ തികച്ചും പരിഹാസാത്മകമാണ്. അതിനാൽ എല്ലാ നീക്കങ്ങളും അവസാനിപ്പിച്ചാലോ എന്നു വരെ തങ്ങൾ ചിന്തിച്ചു പോയി”. മേയർ പറഞ്ഞു.
നേരത്തെ തന്നെ കുറഞ്ഞ തുകയാണ് പിഎസ്ജി സ്റ്റേഡിയം കൈമാറാൻ മുന്നോട്ടു വെക്കുകയെന്ന് സൂചനകൾ ഉണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണികൾക്കായി 70 മില്യൺ യൂറോയോളം ചെലവാക്കി എന്നാണ് അവരുടെ പക്ഷം. നഗര കൗൺസിൽ ഈ തുകക്ക് തികച്ചും എതിരാണെന്ന് മേയറുടെ വാക്കുകളിലൂടെ വ്യക്തമായി. എന്നാൽ മേയറുടെ വാക്കുകൾക്ക് ശേഷം നഗരത്തിന്റെ കായിക ചുമതലയുള്ള പിയേറെ റബദാൻ തങ്ങൾ വീണ്ടും ചർച്ചകൾക്ക് നടത്താൻ സന്നദ്ധരാണെന്ന സൂചനകൾ നൽകിയതായി ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്തു. നഗരത്തിന് പിഎസ്‌ജിയെ ഇവടെ തന്നെ നിലനിർത്താൻ ആഗ്രമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ സ്റ്റേഡിയം സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ സ്റ്റേഡ് ഡേ ഫ്രാൻസിലേക്ക് മാറാനും ടീമിന് പദ്ധതി ഉള്ളതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 80,000 സീറ്റിങ് കപ്പാസിറ്റി ഉള്ള സ്റ്റേഡിയം പിഎസ്ജി ഉടമകളെ ആകർഷിക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ വളരെ ഉയർന്ന തുക ഇതിനായി ടീം മുടക്കേണ്ടി വരും.
Download the Fanport app now!