ലീഗ് വണ്ണിൽ ഗോൾ രഹിത സമനിലയിൽ കുരുങ്ങി പിഎസ്ജി. ഇന്ന് നടന്ന മത്സരത്തിൽ ക്ലെർമോണ്ട് ഫുട്ടുമായാണ് ലീഗ് ജേതാക്കൾ പോയിന്റ് പങ്കുവെച്ചത്. ഇതോടെ ടീമിന്റെ രണ്ടാം സ്ഥാനവും ഭീഷണിയിൽ ആയി. ഇതുവരെ രണ്ടു സമനില മാത്രം കൈമുതലായുള്ള ക്ലെർമോണ്ട് പതിനേഴാം സ്ഥാനത്താണ്.
മത്സരത്തിന്റെ തുടക്കം മുതൽ ക്ലെർമോണ്ട് പ്രതിരോധത്തെ പരീക്ഷിക്കാൻ ആവാതെ പിഎസ്ജി കുഴങ്ങി. ഷോട്ട് ഉതിർക്കാൻ പോലും ഇടം നൽകാതെ ക്ലെർമോണ്ട് താരങ്ങൾ കോച്ചിന്റെ പദ്ധതി കളത്തിൽ നടപ്പിലാക്കി. ഡെമ്പലെയുടെ ഷോട്ട് കീപ്പർ തട്ടിയകറ്റി. കൗഫ്രീസിന്റെ ഷോട്ട് കോർണർ വഴങ്ങി പിഎസ്ജി തടുത്തു. നിക്കോൾസന്റെ ഹേഡർ പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. എമ്പാപ്പെയുടെ ഷോട്ട് കീപ്പർ തട്ടിയക്കറ്റി. ഡെമ്പലെയുടെ ഷോട്ടും കീപ്പർ കോർണർ തടുത്തു. വിട്ടിഞ്ഞയുടെ ലോങ് റേഞ്ചറിനും ലക്ഷ്യം കാണാൻ ആയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നിക്കോൾസണിലൂടെ ആതിഥേയർ ഗോളിന് അടുത്തെത്തി. എന്നാൽ ഡൊന്നാറുമ ടീമിന്റെ രക്ഷകനായി. കോണാട്ടെയുടെ ഷോട്ടും ഇറ്റാലിയൻ താരം തടുത്തു. മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ പിഎസ്ജി താളം വീണ്ടെടുത്ത് തുടർച്ചയായ ആക്രമണങ്ങൾ നടത്തി. എമ്പാപ്പെ നൽകിയ അവസരത്തിൽ റാമോസിന്റെ ഷോട്ട് പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് എതിർ താരങ്ങളിൽ തട്ടി കോർണറിലേക്ക് പോയത് പിഎസ്ജിക്ക് നിരാശ നൽകി.പിന്നീടും ക്ലെർമോണ്ട് പ്രതിരോധം ഉറച്ചു നിന്നതോടെ പിഎസ്ജി സമനിലയിൽ കുരുങ്ങി.