ഹെൻറിയുടെ പരിശീലക അരങ്ങേറ്റം പാളി, തോൽവിയോടെ തുടക്കം

മൊണാക്കോ പരിശീലകനായി എത്തി ആദ്യ മത്സരത്തിൽ തന്നെ തിയറി ഹെൻറിക് തോൽവി. ലീഗ് 1 ൽ സ്ട്രാസ്ബോർഗാണു മൊണാക്കോയെ മറികടന്നത്. തോൽവിയോടെ മൊണാക്കോ ലീഗ് 1 ൽ 19 ആം സ്ഥാനത്താണ്. ഭീമൻ ജോലിയാണ് ഇനി ഹെൻറിക് മുൻപിൽ ഉള്ളത് എന്നത് ഇന്നത്തോടെ വ്യക്തമായി.

മൊണാക്കോ ഗോൾ കീപ്പർ സയോദു സൈ നടത്തിയ വൻ പിഴവാണ് അവരെ 17 ആം മിനുട്ടിൽ പിറകിലാക്കിയത്. അനായാസം കൈപ്പിടിയിൽ ഒതുകേണ്ട ഷോട്ട് ഗോളി പിഴവിലൂടെ വലയിലാക്കുകയായിരുന്നു. പക്ഷെ പിന്നീട് രണ്ടാം പകുതിയിൽ സാമുവൽ ഗ്രാൻഡ്‌സിർ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് അവരുടെ പ്രതീക്ഷകൾ നഷ്ടമാക്കി. മൊണാക്കോ സമനില ഗോളിനായി പോരുതുന്നതിനിടെ 84 ആം മിനുട്ടിൽ ലബോ മോതിബ സ്ട്രാസ്ബോർഗ് ലീഡ് രണ്ടാക്കി ഉയർത്തി. 91 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ടീലമാൻസ് മോണക്കോയുടെ ആശ്വാസ ഗോൾ നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.