പ്രതീക്ഷിച്ച പോലെ ലോറന്റ് ബ്ലാങ്കിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി കൊണ്ട് ലിയോൺ. ഉഭയസമ്മത പ്രകാരം വേർപ്പിരിയാൻ കോച്ചും ക്ലബ്ബും തീരുമാനിച്ചതായി ലിയോൺ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. സീസണിലെ മോശം തുടക്കത്തിന് ശേഷം ദിവസങ്ങളായി ബ്ലാങ്കിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പതിനൊന്ന് മാസം മാത്രമാണ് അദ്ദേഹം ക്ലബ്ബിൽ ഉണ്ടായിരുന്നത്. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിച്ചേക്കും.
പീറ്റർ ബോഷിന് പകരക്കാരൻ ആയാണ് ബ്ലാങ്ക് ലിയോണിന്റെ കോച്ചായി എത്തുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ലീഗ് ഏഴാം സ്ഥാനത്ത് മാത്രം എത്താൻ സാധിച്ചതോടെ തന്നെ അദ്ദേഹത്തിനെതിരെ മുറവിളി ഉയർന്നിരുന്നു. ഇത്തവണ ആദ്യ നാല് മത്സരങ്ങളിൽ നിന്നും മൂന്ന് തോൽവിയും ഒരു സമനിലയും മാത്രമാണ് സമ്പാദ്യം. ഇതോടെ കോച്ചിനെ മാറ്റുമെന്ന് ഉറപ്പായി. ഗ്രഹാം പോട്ടറിനെ ലിയോൺ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം ഓഫർ നിരസിച്ചിരുന്നു. ഒലിവർ ഗ്ലാസ്നെറിന് വേണ്ടിയും നീക്കം നടത്തി. ഗട്ടുസോ ആണ് ക്ലബ്ബ് മാനേജ്മെന്റ് പരിഗണിക്കുന്ന മറ്റൊരു കോച്ച് എന്ന് ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേള അവസാനിക്കുന്നതിന് മുൻപായി തന്നെ പുതിയ കോച്ചിനെ ലിയോൺ എത്തിക്കും.
Download the Fanport app now!