ഫ്രഞ്ച് ക്ലബായ മൊണാക്കോയെ പരിശീലകൻ നികോ കൊവാചിനെ പുറത്താക്കി. സ്പോർടിങ് ഡയറക്ടറുമായുള്ള പ്രശ്നമാണ് കൊവാചിനെ പുറത്താക്കാൻ കാരണം. മൊണാക്കോയിൽ എത്തിയ ശേഷം ടീമിനെയും യുവതാരങ്ങളെയും ഏറെ മെച്ചപ്പെടുത്താൻ കൊവാചിന് ആയിരുന്നു. കൊവാചിനെ പുറത്താക്കി എന്ന ഔദ്യോഗിക പ്രസ്താവനയിൽ പരിശീലകന്റെ ഇതുവരെയുള്ള സേവനത്തിന് നന്ദി പറയാൻ പോലും മൊണാക്കോ തയ്യാറായില്ല.
പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും എന്ന് മൊണാക്കോ പറഞ്ഞു. ബയേൺ മ്യൂണിക്കിന്റെ ചുമതല ഒഴിഞ്ഞ ശേഷമായിരുന്നു കൊവാച് മൊണാക്കോയിൽ എത്തിയത്.
മൊണാക്കോ അവസാന മൂന്ന് വർഷത്തിൽ പുറത്താക്കുന്ന അഞ്ചാം പരിശീലകനാണ് കൊവാച്. മുമ്പ് ക്രൊയ്യേഷ്യയുടെ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുള്ള ആളാണ് കൊവാച്. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിൽ ആയിരുന്നു കൊവാചിന്റെ ഏറ്റവും മികവുള്ള പരിശീലനം കണ്ടത്.