മൊണാക്കോ വീണ്ടും പരിശീലകനായി ലിയെനാർഡോ ജാർദിമിനെ തന്നെ കൊണ്ടു വന്നു. ആഴ്സണൽ ഇതിഹാസം ഹെൻറിയുമായുള്ള കരാർ അവസാനിപ്പിച്ചാണ് പുതിയ പരിശീലകനെ മൊണാക്കോ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ജാർദിമിനെ പുറത്താക്കിയായിരുന്നു മൊണാക്കോ ഹെൻറിയെ കൊണ്ടു വന്നിരുന്നത്. ക്ലബ് റിലഗേറ്റ് ആകുമെന്ന് ഭയം ഉള്ളതിനാൽ പരീക്ഷണത്തിന് നിക്കാതെ പഴയ പരിശീലകനെ തന്നെ കൊണ്ടുവരാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഹെൻറിയെ മൊണാക്കോ പുറത്താക്കിയത്. ആദ്യ സസ്പെൻഡ് ചെയ്യുകയും പിന്നീട് വിശദമായ ചർച്ചകൾക്ക് ശേഷം ഹെൻറിയെ പുറത്താക്കിയതായി അറിയിക്കുകയുമായിരുന്നു. ഈ സീസണിൽ ഇതുവരെ ഒരു ഹോം മത്സരം വിജയിക്കാൻ വരെ മൊണാക്കോയ്ക്ക് ആയിട്ടില്ല. ഹെൻറി ഒക്ടോബർ മുതൽ ഉണ്ടായിട്ടും ആകെ 5 മത്സരങ്ങളാണ് അദ്ദേഹത്തിന്റെ കീഴിൽ ക്ലബിന് ജയിക്കാൻ ആയത്.
ഹെൻറി വരും മുമ്പുള്ള നാലു വർഷവും ജാർദിമായിരുന്നു മൊണാക്കോയുടെ പരിശീലകൻ. മൊണാക്കോയ്ക്ക് ഫ്രഞ്ച് ലീഗ് വരെ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് ആയിരുന്നു. റിലഗേഷനിൽ നിന്ന് രക്ഷിക്കാനും അദ്ദേഹത്തിനാകും എന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.