ആഴ്സണൽ ഇതിഹാസം തിയറി ഹെൻറിക്ക് പരിശീലകനായുള്ള തന്റെ ആദ്യ വേഷം വൻ തലവേദനയായി മാറിയിരിക്കുകയാണ്. ഫ്രഞ്ച് ക്ലബായ എ എസ് മൊണാക്കോ ഹെൻറിക്ക് അത്ര എളുപ്പമുള്ള ജോലിയാകില്ല എന്ന് ഇതിനകം തന്നെ തെളിയുകയാണ്. ചുമതലയേറ്റ് രണ്ടാഴ്ചയേ ആകുന്നുള്ളൂ എങ്കിലും ഇപ്പോൾ തന്നെ ആരാധകർ മാറ്റം ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്.
ഹെൻറിക്ക് കീഴിൽ ഇതുവരെ മൊണാക്കോ ജയം കണ്ടെത്തിയില്ല. നാലു മത്സരങ്ങൾ അണ് മൊണാക്കോ ഹെൻറിക്ക് കീഴിൽ കളിച്ചത് അതിൽ രണ്ടെണ്ണം പരാജയപ്പെടുകയും രണ്ട് എണ്ണ സമനില ആവുകയുമായിരുന്നു. പരാജയപ്പെട്ട രണ്ടു മത്സരങ്ങളും ലീഗിൽ ആയിരുന്നു. രണ്ട് വർഷം മുന്നെ പി എസ് ജിയെ ഞെട്ടിച്ച് ലീഗ് കിരീടം നേടിയ മൊണാാക്കോ ഇന്ന് ലീഗിൽ റിലഗേഷൻ ഭീഷണിയിൽ ആണ്.
12 മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ വെറും ഏഴു പോയന്റാണ് മൊണാക്കോയ്ക്ക് ഉള്ളത്. പരിക്കും താരങ്ങളുടെ സസ്പെൻഷനുമാണ് ഈ ഫോമിന് കാരണം എന്നാണ് ഹെൻറി പറയുന്നത്. താരങ്ങൾ സമ്മർദ്ദത്തിൽ ആണെന്നും അത് അവരെ കളിക്കാൻ അനുവദിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്ന് പറയുന്ന ഹെൻറി താനും സ്ഥിതിഗതികൾ പഠിച്ചു വരികയാണെന്നും പറഞ്ഞു.
ഇനി ചാമ്പ്യൻസ് ലീഗിൽ വലിയ എവേ മത്സരമാണ് ഹെൻറിയെ കാത്തിരിക്കുന്നത്. ആദ്യ വിജയം പെട്ടെന്ന് സ്വന്തമാക്കിയില്ല എങ്കിൽ ഹെൻറിയുടെ പരിശീലക വേഷത്തിന്റെ തുടക്കത്തിന് വളരെ മോശം അവസാനം ഉണ്ടാകാൻ സാധ്യതയുണ്ട്.