റെയിംസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് പി.എസ്.ജി ലീഗ് 1ൽ വിജയകുതിപ്പ് തുടരുന്നു. ജയത്തോടെ പുതിയ ക്ലബ്റെക്കോർഡ് സൃഷ്ടിക്കാനും പി.എസ്.ജിക്കായി. ആദ്യമായിട്ടാണ് പി.എസ്.ജി സീസണിന്റെ ആദ്യത്തിൽ 21 പോയിന്റ് നേടുന്നത്. കഴിഞ്ഞ സീസണിൽ ഉനൈ ഏംറിക്ക് കീഴിൽ നേടിയ 19 പോയിന്റാണ് പി.എസ്.ജി മറികടന്നത്. അടുത്ത മത്സരം ജയിക്കുകയാണെങ്കിൽ ലീഗ് 1 ചരിത്രത്തിൽ ആദ്യ 8 മത്സരങ്ങൾ ജയിച്ച ലില്ലെയുടെ റെക്കോർഡിനൊപ്പമെത്താനും പി.എസ്.ജിക്കവും.
വിലക്ക് നേരിടുന്ന എംബപ്പേ ഇല്ലാതെയിറങ്ങിയ പി.എസ്.ജി മത്സരത്തിൽ രണ്ടാം മിനുട്ടിൽ തന്നെ പിറകിലായി. ഹാവിയർ ഷാവേർലൈൻ ആണ് റെയിംസിന്റെ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച പി.എസ്.ജി അഞ്ചാം മിനുട്ടിൽ തന്നെ സമനില പിടിച്ചു. കവാനിയാണ് ഗോൾ നേടിയത്.
അധികം താമസിയാതെ പെനാൽറ്റിയിലൂടെ നെയ്മർ പി.എസ്.ജിക്ക് ലീഡ് നേടിക്കൊടുത്തു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് നെയ്മറിന്റെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്. ഇതിനു പുറമെ രണ്ടു അസിസ്റ്റും സീസണിൽ നെയ്മർ സ്വന്തമാക്കിയിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ കവാനി തന്റെ രണ്ടാമത്തെ ഗോളും പി.എസ്.ജിയുടെ മൂന്നാമത്തെ ഗോളും നേടി.
പി.എസ്.ജിയുടെ നാലാമത്തെ ഗോൾ രണ്ടാം പകുതിയിൽ മുനേർ ആണ് നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ലിയോണിനേക്കാൾ 8 പോയിന്റിന്റെ ലീഡ് നേടാനും പി.എസ്.ജിക്കായി.