ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഇന്ന് ലെസ്റ്റർ സിറ്റിയെ എവേ ഗ്രൗണ്ടിൽ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത 3 ഗോളിനാണ് വിജയിച്ചത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം റാസ്മസ് ഹൊയ്ലുണ്ട് ഇന്ന് ഗോൾ കണ്ടെത്തി. ബ്രൂണോ ഫെർണാണ്ടസ് 2 അസിസ്റ്റും ഒരു ഗോളും ഇന്ന് നേടി.

ഇന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്പൂർണ്ണ ആധിപത്യം പുലർത്തി. എറിക്സന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. 28ആം മിനുറ്റിൽ ആയിരുന്നു ഹൊയ്ലുണ്ടിന്റെ ഗോൾ. ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് മുന്നറിയ ഹൊയ്ലുണ്ട് വലം കാൽ ഷോറ്റ് കൊണ്ട് വലയിലേക്ക് എത്തിച്ചു.
രണ്ടാം പകുതിയിൽ യുണൈറ്റഡിന്റെ യുവ സെന്റർ ബാക്ക് എയ്ദൻ ഹെവൻ പരിക്കേറ്റ് പുറത്ത് പോയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി. ഗർനാചോ 67ആം മിനുറ്റിൽ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. 90ആം മിനുറ്റിൽ ബ്രൂണോയുടെ ഗോൾ യുണൈറ്റഡിന്റെ വിജയം പൂർത്തിയാക്കി.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 29 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ലീഗിൽ 13ആം സ്ഥാനത്തേക്ക് എത്തി. ലെസ്റ്റർ സിറ്റി 17 പോയിന്റുമായി 19ആം സ്ഥാനത്താണ്.