ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസിന് പുതിയ കരാർ ഒരുങ്ങുന്നു. കരാറിന്റെ കാര്യത്തിൽ ഇരു കൂട്ടരും ധാരണയിൽ എത്തിയെങ്കിലും സാവി ഇതുവരെ ഔദ്യോഗികമായി ഒപ്പിട്ടിട്ടില്ല. നിലവിൽ സാവി പൂർണമായും ടീമിന്റെ പ്രകടനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ തന്നെ ഒരു പക്ഷെ സീസണിന് അവസാനം മാത്രമേ സാവി കരാറിൽ ഒപ്പുവെക്കുകയുള്ളൂ. അദ്ദേഹത്തിന്റെ നിലവിലെ കരാർ അടുത്ത സീസണോടെ അവസാനിക്കും.
ലാ ലീഗയിലെ മികച്ച പ്രകടനം തന്നെയാണ് സാവിയിൽ തുടർന്നും വിശ്വാസം അർപ്പിക്കാൻ ബാഴ്‌സയെ പ്രേരിപ്പിക്കുന്നത്. എന്നാൽ നേരത്തെ, കിരീടങ്ങൾ നേടിയില്ലെങ്കിൽ തനിക്ക് പകരം പുതിയ കോച്ച് വരുമെന്ന പ്രസ്താവനയും സാവി നടത്തിയിരുന്നു. ലാ ലീഗ നേടാൻ ആയില്ലെങ്കിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് തന്നെയാണ് സാവി നിസ്സംശയം ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ തന്നെ സീസണിന്റെ അവസാനം മാത്രമേ പുതിയ കരാറിൽ ഒപ്പുവെക്കാൻ അദ്ദേഹം സന്നദ്ധനാകൂ. പുതിയ കരാർ പ്രകാരം 2026 വരെ ടീമിൽ തുടരാൻ അദ്ദേഹത്തിനാവും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽക്കുന്ന സൂചന. ഇപ്പോൾ വളരെ തുച്ഛമായ വരുമാനം ലഭിക്കുന്ന സാവിക്ക് വരുമാനം വർധിപ്പിച്ചു നൽകാനും ടീം ഉദ്ദേശിക്കുന്നുണ്ട്.