വിയ്യാറയൽ പരിശീലകൻ ജോസെ റോഹോ മാർട്ടിൻ “പച്ചേറ്റ” പുറത്ത്. സീസണിൽ മോശം പ്രകടനം തുടരുന്ന ടീം അവസാന മത്സരത്തിൽ അത്ലറ്റിക് ക്ലബ്ബിനോടും തോൽവി വഴങ്ങിയതോടെയാണ് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. 12 മത്സരങ്ങൾ അവസാനിക്കുമ്പോൾ വെറും 3 ജയവുമായി ലാ ലീഗയിൽ 13ആം സ്ഥാനത്താണ് വിയ്യാറയൽ. യൂറോപ്പ ലീഗിൽ വ്യാഴാഴ്ച മക്കബി ഹൈഫക്കെതിരെ നേടിയ ജയവും കോച്ചിനെ തുണച്ചില്ല. മത്സര ശേഷം ആസ്വദിച്ചു പന്ത് തട്ടാൻ ടീമിന് കഴിയുന്നില്ലെന്ന് ആത്മാവിമർഷനവും അദ്ദേഹം നടത്തി.
അതേ സമയം മുൻ വലൻസിയ കോച്ച് മാർസെലിനോയെയാണ് പകരക്കാരനായി വിയ്യാറയൽ ഉന്നമിട്ടിരിക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനൊയും സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ഒളിമ്പിക് മാഴ്സെയുടെ കോച്ചിങ് സ്ഥാനത്ത് നിന്നും പടിയിറങ്ങിയ അദ്ദേഹം നിലവിൽ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. മാഴ്സെയിൽ ടീം മാനേജ്‌മെന്റിമെതിരായ ആരാധക രോഷം കാരണമായിരുന്നു അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വന്നത്. വലൻസിയ, അത്ലറ്റിക് ക്ലബ്ബ് ടീമുകളെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള മാർസെലിനൊ മുൻപ് 2013 മുതൽ 2016വരെ വിയ്യാറയലിന്റെയും പരിശീലകൻ ആയിരുന്നു. സീസൺ ആരംഭിച്ച ശേഷം വിയ്യാറയൽ പുറത്താക്കുന്ന രണ്ടാമത്തെ പരിശീലകൻ ആണ് പച്ചേറ്റ. ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം കിക്കെ സെറ്റിയനെ പുറത്താക്കിയാണ് പച്ചേറ്റയെ ക്ലബ്ബ് തന്ത്രങ്ങളോതാൻ എത്തിക്കുന്നത്. എന്നാൽ അദ്ദേഹത്തിനും കാര്യങ്ങൾ വിചാരിച്ച പോലെ മുന്നോട്ടു പോയില്ല.