ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് എത്തിയ ആദ്യ മത്സരത്തിലും റയൽ മാഡ്രിഡിന് വിജയമില്ല. ഇന്ന് എവേ മത്സരത്തിൽ വിയ്യാറയലിനെ നേരിട്ട റയൽ മാഡ്രിഡ് 1-1 എന്ന സമനിലയാണ് വഴങ്ങിയത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് റയൽ ഇന്ന് വിജയം കൈവിട്ടത്.മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ വന്ന ഗോളാണ് സിദാന്റെ ടീമിന് വിജയം നൽകിയത്. മരിയാനയുടെ മികച്ച ഫിനിഷിലൂടെ ആയിരുന്നു റയൽ മാഡ്രിഡ് രണ്ടാം മിനുട്ടിൽ ലീഡ് എടുത്തത്. പക്ഷെ ആ ഗോളിനപ്പുറം സിദാന്റെ ടീമിന് വിയ്യാറയലിനെ പരീക്ഷിക്കാൻ ആയില്ല.
നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആവാത്തത് അവർക്ക് തിരിച്ചടിയായി. മാത്രല്ല ഡിഫൻസിൽ അവരുടെ ക്യാപ്റ്റൻ റാമോസും ഉണ്ടായിരുന്നില്ല. റയലിന്റെ ഡിഫൻസിനെ തുടർച്ചയായി പരീക്ഷിച്ച വിയ്യറയൽ 76ആം മിനുട്ടിൽ സമനില നേടി. ഒരു പെനാൾട്ടിയിൽ നിന്ന് മൊറേനോ ആയിരുന്നു റയലിന്റെ വലയിലേക്ക് പന്ത് എത്തിച്ചത്. അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി നാലു പെനാൾട്ടികളാണ് റയൽ വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡ് വലൻസിയയോട് 4-1ന്റെ പരാജയം ഏറ്റു വാങ്ങിയിരുന്നു.
ഇപ്പോൾ 9 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി നാലാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്. 19 പോയിന്റുള്ള വിയ്യറയൽ രണ്ടാമതാണ്.