വിയ്യാറയൽ താരം അലക്‌സ് ബയെനയെ ആക്രമിച്ച കേസിൽ ഫെഡറിക്കോ വാൽവെർഡേക്ക് എതിരെ നടപടികൾക്ക് സാധ്യത. കേസ് പരിശോധിച്ച ആന്റി വയലൻസ് കമ്മിറ്റി തങ്ങളുടെ അന്വേഷണ റിപ്പോർട് കോമ്പറ്റീഷൻ കമ്മിറ്റിക്ക് കൈമാറിയതോടെയാണ് ഇതിന് വഴിയൊരുങ്ങിയിരിക്കുന്നത്. സ്പാനിഷ് ഫുട്ബോൾ അസോസിയേഷന് കീഴിലെ ഒരു സ്വതന്ത്ര അച്ചടക്ക കമ്മിറ്റിയാണ് ഇത്. ഇവർക്കാണ് താരത്തിന് എതിരായ നടപടികൾ സ്വീകരിക്കാനുള്ള അധികാരം ഉണ്ടായിരിക്കുക.
വിയ്യാറയൽ പരാതി ഒന്നും നൽകിയിരുന്നില്ല എന്നതിനാൽ കോമ്പറ്റീഷൻ കമ്മിറ്റിക്ക് നേരത്തെ ഇടപെടുന്നതിന് പരിമിതി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിയ്യാറയൽ നൽകിയ പോലീസ് കേസ് അടക്കമുള്ള ഫയൽ ലഭിച്ചത് അവർക്ക് മത്സര വിലക്ക് ഉൾപ്പടെ താരത്തിന് മുകളിൽ ചുമത്താൻ അധികാരം നൽകും. നാല് മുതൽ പന്ത്രണ്ട് വരെ മത്സരങ്ങളിൽ ആണ് വിലക്ക് ലഭിക്കാൻ സാധ്യത എന്ന് മാർസ അടക്കുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ നടപടികൾ പൂർത്തിയാവാൻ ഒന്നര മാസത്തോളം സമയം എടുത്തേക്കും. അതേ സമയം മത്സര സമയത്തെ സംഭവം എല്ലാ എന്നതിനാൽ നടപടി തങ്ങളുടെ അധികാര പരിധിയിൽ വരില്ല എന്ന് വിധിക്കാനും സാധ്യത ഉണ്ടെന്ന സൂചനകൾ ഉണ്ട്. എന്നാൽ വിയ്യാറയൽ മറ്റ് വഴികളിലൂടെ നീങ്ങിയിരുന്നെങ്കിൽ ആറു മാസം വരെയുള്ള വിലക്ക് താരത്തിന് ലഭിക്കുമായിരുന്നു എന്നും മാർസ റിപ്പോർട്ട് ചെയ്യുന്നു.