സ്പാനിഷ് ലാ ലീഗയിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ വിലപ്പെട്ട ജയവുമായി വലൻസിയ. റയൽ വയ്യനോയിഡും ആയുള്ള പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തിരിച്ചു വന്നു വിലമതിക്കാൻ ആവാത്ത ജയം ആണ് അവർ നേടിയത്. സ്വന്തം മൈതാനത്ത് ആറാം മിനിറ്റിൽ തന്നെ വലൻസിയ പിറകിൽ പോയി. കെയിൽ ലാറിൻ ആണ് വലൻസിയയെ ഞെട്ടിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച വലൻസിയ 60 മത്തെ മിനിറ്റിൽ സമനില നേടി.
ആന്ദ്ര അൽമേഡിയയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ദിയകാബി ആണ് അവർക്ക് സമനില സമ്മാനിച്ചത്. തുടർന്ന് സമനിലയിൽ അവസാനിക്കും എന്നു കരുതിയ മത്സരത്തിൽ 89 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 19 കാരൻ ഹാവി ഗുയെര ഇഞ്ച്വറി സമയത്ത് വലൻസിയക്ക് ആയി വിജയഗോൾ നേടി. മോറിബയുടെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്നുള്ള യുവതാരത്തിന്റെ ഷോട്ട് ഗോൾ ആവുക ആയിരുന്നു. ജയത്തോടെ അവസാന മൂന്നു സ്ഥാനങ്ങളിൽ നിന്നു വളരെ നാളുകൾക്ക് ശേഷം വലൻസിയ പുറത്ത് കടന്നു. നിലവിൽ വലൻസിയ പതിനാറാം സ്ഥാനത്തും റയൽ വയ്യനോയിഡ് പതിനാലാം സ്ഥാനത്തും ആണ്.