സെൽറ്റക്ക് എതിരെ ജയവുമായി വലൻസിയ, തരം താഴ്ത്തൽ ഒഴിവാക്കുന്നതിന് അരികിൽ

Wasim Akram

സ്പാനിഷ് ലാ ലീഗയിൽ നിർണായക ജയവുമായി വലൻസിയ. സെൽറ്റ വിഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇന്ന് വലൻസിയ തോൽപ്പിച്ചത്. ജയത്തോടെ 34 മത്സരങ്ങളിൽ നിന്നു 37 പോയിന്റുകൾ ഉള്ള വലൻസിയ നിലവിൽ 14 സ്ഥാനത്ത് ആണ്. ഇനി ലീഗിൽ നാലു മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ലാ ലീഗയിൽ തുടരാനുള്ള സാധ്യത വലൻസിയ ശക്തമാക്കി. സെൽറ്റ ആധിപത്യം കണ്ട മത്സരത്തിൽ വലൻസിയ ആണ് ആദ്യം മുന്നിൽ എത്തിയത്.

വലൻസിയ

എട്ടാം മിനിറ്റിൽ ഡീഗോ ലോപ്പസിന്റെ പാസിൽ നിന്നു ജസ്റ്റിൻ ക്ലിവർട്ട് ആണ് വലൻസിയക്ക് ആയി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ അറുപതാം മിനിറ്റിൽ സെൽറ്റ പക്ഷെ ഗോൾ മടക്കി ഫ്രാൻ ബെൽട്രാന്റെ പാസിൽ നിന്നു ഹാരിസ് സെഫറോവിച് ആണ് അവർക്ക് ആയി ഗോൾ നേടിയത്. സമനിലയിലേക്ക് പോകും എന്നു തോന്നിയ മത്സരത്തിൽ 88 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. ദിമിത്രിയുടെ ക്രോസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ആൽബർട്ടോ മാരി ആണ് അവരുടെ വിജയഗോൾ നേടിയത്. 93 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു ഗബ്രിയേൽ പുറത്ത് പോയെങ്കിലും വലൻസിയ ജയം കൈവിട്ടില്ല.