മുൻ ആഴ്സണൽ പരിശീലകൻ ഉനായ് എമിറെ വീണ്ടും പരിശീലക സ്ഥാനത്തേക്ക് എത്തുകയാണ്. അദ്ദേഹം ലാലിഗ ക്ലബായ വിയ്യറയലുമായി കരാർ ധാരണയിൽ എത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം എമിറെ വിയ്യറയലിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും. ഇപ്പോഴത്തെ വിയ്യാറയൽ പരിശീലകനായ യാവി കല്ലേഹ ക്ലബ് വിടുമെന്നാണ് വാർത്തകൾ.
കല്ലേഹയുടെ കീഴിൽ ഗംഭീര പ്രകടനമായിരുന്നു വിയ്യറയൽ ഈ സീസണിൽ നടത്തിയത്. അവർ യൂറോപ്പ ലീഗ് യോഗ്യതയും നേടിയിരുന്നു. പക്ഷെ എന്നിട്ടും ക്ലബ് വിടാൻ ആണ് കല്ലെഹയുടെ തീരുമാനം. ആഴ്സണൽ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ശേഷം പുതിയ അവസരങ്ങൾക്കായി കാത്തു നിൽക്കുകയായിരുന്നു എമിറെ. മുമ്പ് ലാലിഗയിൽ സെവിയ്യ, വലൻസിയ എന്നീ ക്ലബുകളെ എമിറെ പരിശീലിപ്പിച്ചിട്ടുണ്ട്. പി എസ് ജിയുടെയും കോച്ചായിട്ടുണ്ട് അദ്ദേഹം.