ലപോർടയുടെ വിശദീകരണം ലാ ലീഗക്ക് തൃപ്തികരമായില്ല; മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സക്ക് സാധിക്കട്ടെ : തെബാസ്

Nihal Basheer

ബാഴ്സലോണ പ്രസിഡന്റ് ലപോർട നെഗ്രിര കേസിൽ നൽകിയ വിശദീകരണം തങ്ങൾക്ക് തൃപ്തികരമായി തോന്നിയില്ലെന്ന് ലാ ലീഗ പ്രസിഡന്റ് ഹാവിയർ തെബാസ്. ഇന്ന് ലാ ലീഗയുടെ ടീമുകളുടെ മീറ്റിങ്ങിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മീറ്റിങ്ങിൽ കേസിനെ കുറിച്ചു വിശദീകരിക്കാൻ ലപോർടക്ക് ഇരുപത് മിനിറ്റ് അനുവദിച്ചു എന്നും അദ്ദേഹം തന്റെ ടീം റഫറിമാരെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല എന്നത് വ്യക്തമാക്കി എന്നും തെബാസ് പറഞ്ഞു, “മീറ്റിങ്ങിലെ ഒട്ടുമിക്ക ക്ലബ്ബുകളും ലപോർടയുടെ വിശദീകരണം അംഗീകരിച്ചു. എന്നാൽ തങ്ങൾക്ക് (ലാ ലീഗ) ഇതിൽ അത്ര തൃപ്തി പോര”. മീറ്റിങ്ങിൽ പങ്കെടുത്ത ലപോർടയെ തെബാസ് അഭിനന്ദിച്ചു. ഇത് നല്ല സൂചന ആണെന്ന് അദ്ദേഹം പറഞ്ഞു.

20230419 205129

ലപോർട കാര്യങ്ങൾ വ്യക്തമാക്കിയില്ല എന്നാണ് തെബാസ് ചൂണ്ടിക്കാണിക്കുന്നത്. “ബാഴ്‌സക്കെതിരെ തങ്ങൾ അന്വേഷണം പ്രഖ്യാപിക്കില്ല. എന്നാൽ വിശദീകരണം തങ്ങൾക്ക് തൃപ്തി നൽകിയില്ലെന്ന് താൻ അദ്ദേഹത്തെ അറിയിച്ചു. റെഫറിയറിംഗ് കമ്മറ്റി വൈസ് പ്രസിഡന്റിന് ഇത്രയും കാലം പണം നൽകുന്നത് യാതൊരു വിധത്തിലും ന്യായീകരണം അർഹിക്കുന്നില്ല”. തെബാസ് തുടർന്നു, “തങ്ങളുടെ നിരപരാധിത്വം ബാഴ്‌സ ബോധിപ്പിച്ചു. മീറ്റിങ് വളരെ സുഖമമായി തന്നെ കടന്ന് പോയി”. ഇനി തന്നോട് വ്യക്തിപരമായ അഭിപ്രായം ചോദിച്ചാലും ലപോർടയുടെ വിശദീകരണത്തിൽ വ്യക്തതയില്ല എന്നെ പറയൂ എന്നും അദ്ദേഹം തന്നെ നിരുത്തരവാദപരമായി പ്രവർത്തിക്കുന്നു എന്ന് വിമർശിച്ചിട്ടും തന്റെ അഭിപ്രായം വിശദമായി തന്നെ അറിയിച്ചു എന്നും തെബാസ് ചൂണ്ടിക്കാണിച്ചു. എന്നാൽ ഇത്തരം വാഗ്വാദങ്ങൾ ഇരു ഭാഗത്തു നിന്നും കുറയ്ക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം എന്ന് അദ്ദേഹം അംഗീകരിച്ചു. മെസിയുടെ തിരിച്ചു വരവിന് ബാഴ്‌സലോണ ഇനിയും ഒരുപാട് മുന്നോട്ടു പോവാൻ ഉണ്ടെന്ന് പറഞ്ഞ തേബാസ് അവർക്കതിന് സാധിക്കുമെന്നാണ് കരുതുന്നത് എന്നും പറഞ്ഞു. റയൽ മാഡ്രിഡ് പുറത്തിറക്കിയ വീഡിയോയെ കുറിച്ചു ലാ ലീഗക്ക് അഭിപ്രായം പറയാനില്ലെന്ന് ഫ്രാങ്കോ ഏത് ടീമിനെ പിന്തുണച്ചു എന്നത് ഇപ്പോൾ കാര്യമാക്കേണ്ടതില്ലെന്നും തെബാസ് കൂടിച്ചെർത്തു.