“താൻ ക്ലബ് വിടണമെങ്കിൽ അത് തന്നോട് നേരിട്ട് പറയണം, പത്രങ്ങൾക്ക് വാർത്ത ചോർത്തി അല്ല പറയേണ്ടത്”

Newsroom

ബാഴ്സലോണ സുവാരസിനെ വിൽക്കാൻ ശ്രമിക്കുകയാണ് എന്ന വാർത്തകളിൽ പ്രതികരണവുമായി സുവാരസ് രംഗത്ത്. താൻ ക്ലബ് വിടണം എന്ന് ഒരാളും തന്നോട് പറഞ്ഞിട്ടില്ല. താൻ ക്ലബ് വിടണം എന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അവർ തന്നോട് നേരിട്ട് അത് പറയണം. അല്ലാതെ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി കൊടുത്തല്ല മുന്നോട്ട് നീങ്ങേണ്ടത് എന്നും സുവാരസ് പറഞ്ഞു. ബാഴ്സലോണ പുതിയ ടീമിനെ ഒരുക്കാൻ ശ്രമിക്കുകയാണ്. ബാഴ്സലോണ വിടണം എന്ന് ക്ലബ് പ്രസിഡന്റ് ആവശ്യപ്പെട്ട ഇതിഹാസ താരങ്ങളിൽ സുവാരസ് അടക്കം ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ക്ലബ് തിരികെ ഉയരങ്ങളിലേക്ക് എത്താൻ ശ്രമിക്കുകയാണ്. ആ വഴിയിൽ താൻ ഒപ്പം വേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല. ആരെങ്കിലും അത് തന്നോട് നേരിട്ട് പറഞ്ഞാൽ അത് നല്ലതാകും എന്നും സുവാരസ് പറഞ്ഞു. താൻ 6 വർഷമായി ഈ ക്ലബിൽ കളിക്കുന്നു എന്നത് ഓർക്കണം എന്നും സുവാരസ് പറഞ്ഞു. സുവാരസിനെ അയാക്സിന് നൽകി അവിടെ നിന്ന് വാൻ ഡെ ബീകിനെ വാങ്ങാൻ ആണ് ബാഴ്സലോണ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ സുവാരസിന്റെ പുതിയ പ്രതികരണങ്ങൾ താരം എളുപ്പത്തിൽ ക്ലബ് വിടില്ല എന്ന് സൂചനകൾ നൽകുന്നു.