ബാഴ്സലോണയെ സുവാരസും അത്ലറ്റിക്കോ മാഡ്രിഡും ദയനീയമായി പരാജയപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു ലാ ലീഗയിൽ ഇന്ന് കണ്ടത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡിനോട് ബാഴ്സലോണ പരാജയപ്പെട്ടത്. ഒരു അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ് നിന്നതും സുവാർസായിരുന്നു. ബാഴ്സലോണ കോച്ച് റൊണാൾഡ് കൊമാനെതിരെ മധുര പ്രതികാരം വീട്ടുന്ന സുവാരസിനേയും ഫുട്ബോൾ ആരാധകർ ഇന്നു കണ്ടു. ബാഴ്സലോണക്കെതിരായ ഗോൾ സെലിബ്രേറ്റ് ചെയ്യാതിരുന്ന സുവാരസ് എന്നാൽ ഫോൺ വിളിക്കുന്ന ആംഗ്യം ഗാലറിയെ ചൂണ്ടി കാണിച്ചിരുന്നു.
മുൻപ് ക്യാമ്പ് നൗവിൽ നിന്ന് അപമാനിതനായി കളം വിടുമ്പോൾ സുവാരസിനെ 60 സെക്കന്റ് നീണ്ട് നിന്ന ഒരു ഫോൺ കോളിലൂടെയാണ് പരിശീലകനായ കൊമാൻ ടീമിൽ ഇടമില്ലെന്ന കാര്യം അറിയിച്ചതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അന്നത്തെ ഫോൺ കോളിനെ ഓർമ്മിക്കുന്നതായിരുന്നു ഇന്നത്തെ സുവാരസിന്റെ മധുര പ്രതികാരം. ലിവർപൂളിൽ നിന്നും 2014ൽ ബാഴ്സയിൽ എത്തിയ സുവാരസ് 283 മത്സരങ്ങളിൽ നിന്നും 195 ഗോളുകളാണ് അടിച്ച് കൂട്ടിയത്. അപ്രതീക്ഷിതമായി ക്യാമ്പ് നൗ വിട്ട സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിൽ മിന്നും ഫോമിലാണ്. സിമിയോണിക്കും സംഘത്തിനുമൊപ്പം ലാ ലീഗ കിരീടമുയർത്താനും സുവാരസിനായി.