റയൽ മാഡ്രിഡിന്റെ പ്രകടനങ്ങൾ മോശമാണെങ്കിലും പരിശീലകൻ സൊളാരിയെ പുറത്താക്കേണ്ടതില്ല എന്ന് റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസീമ. ഇന്നലെ റയോ വല്ലഡോയിഡിനെ പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബെൻസീമ. ഇതിനു മുമ്പ് നാലു ഹോം മത്സരങ്ങളിൽ റയൽ മാഡ്രിഡ് പരാജയം ഏറ്റുവാങ്ങിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്നും കോപഡെൽറേയിൽ നിന്നും റയൽ പുറത്താവുകയും ഒപ്പം ലാലിഗ കിരീടത്തിൽ നിന്ന് അകലുകയും ചെയ്തു.
പക്ഷെ ഇതൊന്നും ബെൻസീമ സൊളാരിയെ പുറത്താക്കാനുള്ള കാരണമായി കണക്കാക്കുന്നില്ല. ഇനി സീസണിൽ 11 മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ. അതുകൊണ്ട് ഇപ്പോൾ സൊളാരിയെ പുറത്താക്കുന്നതിൽ ഒരു അർത്ഥവുമില്ല എന്ന് ബെൻസീമ പറയുന്നു. സീസൺ അവസാനിക്കുമ്പോഴും സൊളാരി ടീമിനൊപ്പം ഉണ്ടാകുമെന്നാണ് കരുതുന്നത് എന്നും ബെൻസീമ പറഞ്ഞു. നേരത്തെ സീസൺ പകുതിക്ക് വെച്ച് ലൊപറ്റെഗിയെ പുറത്താക്കിയായിരുന്നു റയൽ മാഡ്രിഡ് സൊളാരിയെ പരിശീലകനാക്കിയത്. സൊളാരിക്ക് പക്ഷെ കാര്യമായ മാറ്റങ്ങൾ റയലിൽ കൊണ്ടുവരാൻ ആയില്ല.