സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ സമനിലയിൽ തളച്ചു റയൽ സോസിദാഡ്. അൽമേറിയയിൽ നിന്നു ദിവസങ്ങൾക്ക് മുമ്പ് ടീമിൽ എത്തിയ നൈജീരിയൻ താരം ഉമർ സാദിഖ് നേടിയ ഗോളിൽ ആണ് സോസിദാഡ് മത്സരത്തിൽ സമനില പിടിച്ചത്. ഇരു ടീമുകളും സമാസമം നിന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ അത്ലറ്റികോ മുന്നിലെത്തി. കരാസ്കയുടെ കോർണർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ അത് ഗോളാക്കി മാറ്റുക ആയിരുന്നു അൽവാരോ മൊറാറ്റ. 31 മത്തെ മിനിറ്റിൽ മൊറാറ്റ വീണ്ടും പന്ത് വലയിൽ എത്തിച്ചു എങ്കിലും ഇതിനു മുമ്പ് ഫെലിക്‌സ് ഹാന്റ് ബോൾ വഴങ്ങിയതിനാൽ ഗോൾ വാർ നിഷേധിച്ചു.
രണ്ടാം പകുതിയിൽ സോർലാത്തിന് പകരക്കാരനായി ഉമർ സാദിഖ് കളത്തിൽ ഇറങ്ങി. 10 മിനിറ്റിനുള്ളിൽ നൈജീരിയൻ താരം തന്റെ പുതിയ ടീമിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. മുഹമ്മദ് ചോയുടെ പാസിൽ നിന്നായിരുന്നു നൈജീരിയൻ താരത്തിന്റെ ഗോൾ പിറന്നത്. മികച്ച ഒരു ചിപ്പിലൂടെ അവസാന നിമിഷം ഉമർ സാദിഖ് വിജയഗോൾ നേടിയെന്ന് തോന്നിയെങ്കിലും ഇത് ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. അത്ര നല്ല തുടക്കം ലീഗിൽ ലഭിക്കാത്ത അത്ലറ്റികോ മാഡ്രിഡ് നിലവിൽ ആറാം സ്ഥാനത്ത് ആണ്. അതേസമയം അത്ലറ്റികോയുടെ അത്ര പോയിന്റുകൾ ഉള്ള സോസിദാഡ് ഗോൾ വ്യത്യാസത്തിൽ മാത്രം എട്ടാമത് നിൽക്കുകയാണ്.