സിമിയോണിയുടെ തന്ത്രങ്ങൾ മാഡ്രിഡിൽ തന്നെ തുടരും, പുതിയ കരാർ ഒപ്പിട്ടു

Newsroom

അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണി ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. 2022വരെ സിമിയോണി ക്ലബിൽ തുടരും എന്ന് ഉറപ്പിക്കുന്ന കരാറാണ് ഇന്ന് ഒപ്പുവെച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ അടക്കം സിമിയോണിയെ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ഫുട്ബോൾ താരമായിരിക്കുന്ന കാലം മുതൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഭാഗമാണ് സിമിയോണി.

2011ൽ ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് ക്ലബിന്റെ പരിശീലകനായി നിയമിക്കപ്പെട്ടത്‌. ഇതുവരെ 412 മത്സരങ്ങളിൽ അദ്ദേഹം അത്ലറ്റിക്കോ മാഡ്രിഡിനെ പരിശീലിപ്പിച്ചു. നിരവധി കിരീടങ്ങളും അത്ലറ്റിക്കോ മാഡ്രിഡ് സിമിയോണിയുടെ കീഴിൽ നേടി. രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങൾ, ഒരു ലാലിഗ, രണ്ട് സൂപ്പർ കപ്പ്, ഒരു സൂപ്പർ കോപ, ഒരു കോപ ഡെൽ റേ എന്നീ കിരീടങ്ങളാണ് സിമിയോണി അത്ലറ്റിക്കോ മാഡ്രിഡിന് ഇതുവരെ നേടിക്കൊടുത്തിട്ടുള്ളത്.