ലാ ലീഗയിൽ റയൽ മാഡ്രിഡിന് തിരിച്ചടി നൽകി സമനിലയിൽ തളച്ച് സെവിയ്യ. പുതിയ കോച്ച് ഡീഗോ അലോൻസോക്ക് കീഴിൽ മികച്ച കളി പുറത്തെടുത്ത സെവിയ്യയും മാഡ്രിഡും ഓരോ ഗോൾ വീതമടിച്ചു പിരിയുകയായിരുന്നു. മാഡ്രിഡിന് വേണ്ടി കർവഹാൾ വല കുലുക്കിയപ്പോൾ സെവിയ്യയുടെ ഗോൾ അലബയുടെ സെൽഫ് ഗോൾ ആയിരുന്നു. പോയിന്റ് നഷ്ടമായെങ്കിലും റയലിന്റെ ഒന്നാം സ്ഥാനത്തിന് തൽക്കാലം ഇളക്കം തട്ടില്ല.
ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ പിറന്നെങ്കിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല. തുടക്കത്തിൽ തന്നെ മാഡ്രിഡ് രണ്ടു തവണ എതിർ വല കുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. നാലാം മിനിറ്റിൽ വാൽവെർടേയുടെ ഗോൾ ജൂഡ് ബെല്ലിങ്ഹാമിന്റെ ഓഫ്സൈഡ് മൂലം തള്ളികളഞ്ഞു. ഏഴാം മിനിറ്റിൽ ബെല്ലിങ്ഹാം കൗണ്ടർ നീക്കത്തിൽ വല കുലുക്കി എങ്കിലും ഒകാമ്പോസിനെ റുഡിഗർ വീഴ്ത്തിയതിന് റഫറി ഫൗൾ വിളിച്ചിരുന്നു. 23 ആം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നും റകിറ്റിച്ചിന്റെ ശ്രമം കെപയെ കീഴടക്കി എങ്കിലും ഗോൾ ലൈൻ സേവുമായി കർവഹാൾ ടീമിന്റെ രക്ഷകനായി. പിറകെ ഒകാമ്പോസിന്റെ ശ്രമം കെപ്പ തട്ടിയകറ്റി. ക്രൂസിന്റെ ഫ്രീകിക്കിൽ നിന്നും അലാബയുടെ ഷോട്ടിന് സെർജിയോ റാമോസ് തടയിട്ടു. റൂഡിഗറുടെ മികച്ചൊരു ലോങ് പാസിൽ വിനിഷ്യസ് നേരെ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും കീപ്പർ തട്ടിയകറ്റി.
രണ്ടാം പകുതിയിലും ടീമുകൾ അവസരങ്ങൾ സൃഷ്ടിച്ചു. പലപ്പോഴും കയ്യങ്കാളിയിലേക്കും തിരിഞ്ഞ മത്സരം ആവേശകരമായി. കർവഹാളിന്റെ ക്രോസിൽ നിന്നും റോഡ്രിഗോയുടെ ശ്രമം കീപ്പർ തടഞ്ഞു. ടോണി ക്രൂസിന്റെ ശക്തമായ ഷോട്ടിന് റാമോസ് തടയിട്ടു. ഒകാമ്പോസിന്റെ ഹെഡർ കെപ സേവ് ചെയ്തു.74ആം മിനിറ്റിൽ സെവിയ്യ ലീഡ് എടുത്തു. ആകൂന്യയുടെ ക്രോസ് തടയാനുള്ള അലാബയുടെ ശ്രമം സ്വന്തം പോസ്റ്റിൽ അവസാനിക്കുകയായിരുന്നു. എന്നാൽ വെറും നാലു മിനിറ്റിനു ശേഷം റയൽ സമനില ഗോളും കണ്ടെത്തി. ക്രൂസിന്റെ ഫ്രീകിക്കിൽ നിന്നും കർവഹാൾ മികച്ചൊരു ഹെഡറുമായാണ് ഗോൾ കണ്ടെത്തിയത്. 80ആം മിനിറ്റിൽ റാമോസിന്റെ തകർപ്പൻ ഹെഡർ കെപ്പ സേവ് ചെയ്തു. അവസാന നിമിഷം ക്രൂസിന്റെ ഫ്രീക്കിക് കീപ്പറുടെ കൈകളിൽ അവസാനിച്ചു.