പ്രതീക്ഷിച്ച പോലെ ജോർജെ സാംപോളി സെവിയ്യയിലേക്ക് മടങ്ങിയെത്തി. പുറത്താക്കിയ പരിശീലകൻ ലോപ്പറ്റെഗിക്ക് പകരക്കാരനായി അർജന്റീനകാരനെ എത്തിച്ചത് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 വരെയാണ് അദ്ദേഹത്തിന് കരാർ ഉണ്ടാവുക. നേരത്തെ ചാമ്പ്യൻസ് ലീഗിൽ ഡോർട്മുണ്ടിനോടേറ്റ തോൽവിക്ക് പിറകെയാണ് ലോപ്പറ്റെഗിയെ സെവിയ്യ പുറത്താക്കിയത്.
മാഴ്സെ ആയിരുന്നു സാംപോളിയുടെ അവസാന തട്ടകം. എന്നാൽ ക്ലബ്ബിന്റെ ട്രാൻസ്ഫർ നീക്കങ്ങളിൽ ഭിന്നാഭിപ്രായം വന്നതോടെ ടീം വിടുകയായിരുന്നു. മുൻപ് സാംപൊളിക്കൊപ്പം മികച്ച പ്രകടനമാണ് സെവിയ്യ കാഴ്ച്ചവെച്ചിരുന്നത്. പിന്നീട് അർജന്റീനയുടെ ചുമതല ഏറ്റെടുക്കാൻ വേണ്ടിയാണ് ടീം വിട്ടത്. അറുപതിരണ്ടുകാരനെ തിരിച്ചു കൊണ്ടുവരുമ്പോൾ സെവിയ്യ ആഗ്രഹിക്കുന്നതും അന്നത്തെ പ്രകടനം തന്നെയാണ്. മുൻപ് ചിലിക്കൊപ്പം കോപ്പ അമേരിക്ക ഉയർത്താനും സാംപൊളിക്ക് സാധിച്ചിരുന്നു.