ലാലിഗ ചാമ്പ്യന്മാരുടെ തുടക്കം നിരാശയിൽ. ഇന്ന് ലാലിഗയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിട്ട റയൽ മാഡ്രിഡ് ഗോൾ രഹിത സമനിലയുമായി മടങ്ങേണ്ടി വന്നു. സ്വന്തം ഹോം ഗ്രൗണ്ടിൽ റയലിന്റെ തളയ്ക്കാൻ സോസിഡാഡിന് എളുപ്പത്തിൽ ആയി. അധികം ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും സിദാന്റെ ടീമിനായിരുന്നില്ല. ആദ്യ ഇലവനിൽ ഒഡെഗാർഡിനെയും റോഡ്രിഗോയേയും വിനീഷ്യസിനെയും ഒക്കെ ഇറക്കിയാണ് റയൽ തുടങ്ങിയത് എങ്കിലും ആ യുവത്വത്തിന്റെ വേഗത കളത്തിൽ കാണാൻ ആയില്ല.
രണ്ടാം പകുതിയിൽ കസെമേറൊ എത്തിയതിന് ശേഷം കുറച്ച് കൂടെ ഒത്തിണക്കത്തിൽ കളിക്കാൻ റയലിന് ആയെങ്കിലും അപ്പോഴും വിജയ ഗോൾ കണ്ടെത്താൻ പറ്റിയില്ല. സോസിഡാഡിന് വേണ്ടി ഇന്ന് ഡേവിഡ് സിൽവ രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയിരുന്നു. സിൽവയുടെ സാന്നിദ്ധ്യം സോസിഡാഡിന്റെ മികവും കൂട്ടി. ഇനി 26ആം തീയതി റയൽ ബെറ്റിസിനെ ആണ് മാഡ്രിഡിന് നേരിടാനുള്ളത്.